കേരളയിൽ പരീക്ഷകൾ വൈകുന്നു, പ്രവേശനം നേടിയ
ബിഎഡ് വിദ്യാർഥികൾ പുറത്തേക്ക്
കൊല്ലം: കേരള സർവകലാശാലയിൽ പരീക്ഷകൾ അനിശ്ചിതമായി വൈകുന്നു. ഫല പ്രഖ്യാപനം നീളുന്നതിനാൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കുന്നതായി വിദ്യാർഥികൾ. അതിനിടെ, ബിഎഡ് കോഴ്സുകൾക്കു പ്രവേശനം നേടിയ വിദ്യാർഥികൾ ക്ലാസിൽ കയറാൻ കഴിയാതെ പുറത്തേക്ക്.
ബിരുദാനന്തര ബിരുദ ഫൈനൽ വിദ്യാർഥികളുടെ ഫലമാണ് വൈകുന്നത്. കഴിഞ്ഞ മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടക്കേണ്ട പരീക്ഷകൾ പലതും ഇനിയും പൂർത്തിയായിട്ടില്ല. ജൂണിൽ അവസാനിക്കേണ്ടിയിരുന്ന ബിഎഡ് കോഴ്സുകൾ സെപ്റ്റംബർ വരെ നീളുകയാണ്. രണ്ടു സെമസ്റ്ററുകളുടെ ഫലം മാത്രമാണ് ഇതുവരെ പ്രസിദ്ധപ്പെടുത്തിയത്. അതേ സമയം, കേരളത്തിലെ മറ്റ് സർവകലാശാലകളിലെ ഫൈനൽ ബിഎഡ് ഫലം ഇതിനകം പ്രസിദ്ധപ്പെടുത്തി. കേരളയിലെ കുട്ടികൾക്ക് ഒരു വർഷം നഷ്ടപ്പെടുകയും ചെയ്തു. അതിനിടെയാണ് ബിരുദ തലത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ സർവകലാശാലയ്ക്കു കീഴിലുള്ള ബിഎഡ് കോളെജുകളിൽ പ്രവേശനം നേടിയ പിജി വിദ്യാർഥികൾക്ക് ഈ വർഷം ക്ലാസിൽ കയറാൻ കഴിയാത്ത സാഹചര്യമുണ്ടായത്.
പിജി പരീക്ഷകൾ കഴിയാത്തതിനാൽ ഇവർക്കു ടിസി കിട്ടുന്നില്ല. ഈ മാസം മുപ്പത്തൊന്നിനു മുൻപ് ഒർജിനൽ ടിസി നൽകാൻ കഴിയുന്നില്ലെങ്കിൽ നേടിയ പ്രവേശനം റദ്ദാക്കുമെന്നാണ് കോളെജ് അധികൃതർ നൽകിയ നിർദേശം. ഇതു സംബന്ധിച്ച് കുട്ടികളിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങി താൽക്കാലിക പ്രവേശനമാണ് നലികിയിരിക്കുന്നത്. ഫൈനൽ പരീക്ഷയും ഫലവും വരാതെ ടിസി കിട്ടാതെ ഫൈനൽ പിജി വിദ്യാർഥികൾ വലയുകയാണ്. ടിസി നൽകാൻ കഴിയാതെ പ്രവേശനം നേടിയ പിജി വിദ്യാർഥികൾ പുറത്തു പോകുന്ന സ്ഥിതി ചൂണ്ടിക്കാട്ടി നിരവധി രക്ഷിതാക്കൾ സർവകലാശാല അധികൃതരെ സമീപിച്ചിരിക്കയാണ്. പിജി വിദ്യാർഥികൾക്കു താൽക്കാലിക ടിസി നൽകുകയോ ഫൈനൽ പരീക്ഷാ ഫലം വരുന്നതു വരെ ഡിഗ്രി കോഴ്സുകൾക്കു ശേഷം കിട്ടിയ ടിസി മതിയെന്നു നിർദേശിക്കുകയോ വേണമെന്നാണ് അവരുടെ ആവശ്യം.