ബെൽഗാം കോൺഗ്രസ് സമ്മേളനം; വിശാല പ്രവർത്തകസമിതിയോഗം വൈകിട്ട് 3ന്
ബംഗളൂരു: മഹാത്മാഗാന്ധി കോൺഗ്രസ് അധ്യക്ഷനായ 1924 ലെ ബെൽഗാം സമ്മേളനത്തിന്റെ ഓർമ്മപുതുക്കി സംഘടിപ്പിക്കുന്ന കോൺഗ്രസ് മഹാസമ്മേളനത്തിന്റെ ഭാഗമായുള്ള വിശാല പ്രവർത്തകസമിതിയോഗം ഇന്ന് കർണാടകയിലെ ബെലഗാവിയിൽ ചേരും. നൂറ് വർഷം മുൻപ്, 1924-ൽ, ബെലഗാവിയിൽ വെച്ചാണ് മഹാത്മാഗാന്ധി കോൺഗ്രസ് അധ്യക്ഷപദം ഏറ്റെടുത്തത്. ഇതിന്‍റെ നൂറാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് അതേ സ്ഥലത്ത് വച്ച് തന്നെ വീണ്ടും പ്രവർത്തകസമിതി ചേരുന്നത്.
നവസത്യാഗ്രഹ് ബൈഠക്' എന്ന് പേരിട്ട വിശാലപ്രവർത്തക സമിതിയോഗം മഹാത്മാഗാന്ധി നഗറിൽ വൈകിട്ട് മൂന്ന് മണിക്കാണ് തുടങ്ങുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ യോഗത്തിന് ആധ്യക്ഷം വഹിക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെ ഇരുന്നൂറിലധികം പ്രമുഖ നേതാക്കൾ പങ്കെടുക്കും. 27 ന് രാവിലെ 11.30ന് ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ മഹാറാലി നടക്കും. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളടക്കം ലക്ഷക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്നതാകും റാലി. സമ്മേളനത്തിൽ സുപ്രധാനമായ രണ്ട് പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. ആരോഗ്യകാരണങ്ങളാൽ സോണിയാഗാന്ധി യോഗത്തിനെത്തില്ല.