ബിനോയ് വിശ്വം തന്നെ സിപിഐ സെക്രട്ടറി; കെ.ഇ ഇസ്മായിലിന്റെ എതിർപ്പ് ചർച്ചയായില്ല
മുല്ലക്കര രത്നാകരൻ അധിക ചുമതലയൊഴിഞ്ഞു
നിസാർ മുഹമ്മദ്
തിരുവനന്തപുരം: കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ ബിനോയ് വിശ്വത്തെ പാർട്ടി സെക്രട്ടറി പദവി ഏൽപ്പിക്കാൻ ധാരണ. ഡി.രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. നാരായണ, രാമകൃഷ്ണ പാണ്ഡെ, ദേശീയ നിർവാഹക സമിതി അംഗം ആനി രാജ എന്നിവർ പങ്കെടുത്ത യോഗത്തിൽ ധാരണയായെങ്കിലും കീഴ്വഴക്കം അനുസരിച്ച് ഇന്ന് ചേരുന്ന കൗൺസിലാണ് പേര് ഔദ്യോഗികമായി അംഗീകരിച്ച് പ്രഖ്യാപിക്കുക. കാനത്തിന്റെ നിര്യാണത്തിന് തൊട്ടുപിന്നാലെ കീഴ്വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തെ നിയമിച്ചതെന്നും ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനാണെന്നും മുതിർന്ന നേതാവ് കെഇ ഇസ്മായിൽ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിൽ അപസ്വരങ്ങളില്ലാതെ ബിനോയ് വിശ്വത്തെ പദവി ഏൽപ്പിക്കുയെന്ന ദൗത്യവുമായാണ് കേന്ദ്ര നേതാക്കൾ കൂട്ടത്തോടെ യോഗത്തിന് എത്തിയത്. ഈ യോഗത്തിൽ മറ്റാരുടെയും പേര് ഉയർന്നുവന്നില്ലെന്നതാണ് ശ്രദ്ധേയം. കാനത്തിന്റെ സംസ്കാരം നടന്ന ദിവസം കോട്ടയത്ത് അടിയന്തര നിർവാഹകസമിതി വിളിച്ച് ബിനോയ് വിശ്വത്തിനു സെക്രട്ടറിയുടെ ചുമതല കൈമാറാൻ മുൻകൈ എടുത്തതും കേന്ദ്ര നേതൃത്വമായിരുന്നു. ബിനോയിയുടെ പേരിനോട് എതിർപ്പ് ഉണ്ടായില്ലെങ്കിലും കാനത്തിന്റെ സംസ്കാര ദിനം തന്നെ അതിനായി തെരഞ്ഞെടുത്തതിനെതിരെ കോട്ടയത്തെ യോഗത്തിൽ വിമർശനം ഉണ്ടായിരുന്നു.
അതേസമയം, സ്വത്ത് സമ്പാദനക്കേസിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന എ.പി ജയനെതിരെ സ്വീകരിച്ച നടപടി നടപ്പാക്കാനും യോഗം തീരുമാനിച്ചു. നേരത്തെ ഇതുസംബന്ധിച്ച് അന്വേഷിക്കാനായി മുല്ലക്കര രത്നാകരന് സെക്രട്ടറിയുടെ ചുമതല നൽകി പത്തനംതിട്ടയിലേക്ക് അയച്ചെങ്കിലും നടപടിക്ക് വേഗമുണ്ടായില്ലെന്ന് ആരോപണം ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുല്ലക്കര രത്നാകരൻ പത്തനംതിട്ടാ ജില്ലാ സെക്രട്ടറി
ചുമതലയിൽ നിന്ന് ഒഴിഞ്ഞു. അവിടെ, വിഭാഗീയത രൂക്ഷമായ സാഹചര്യത്തിൽ
ചുമതല ഏറ്റെടുക്കാൻ മുല്ലക്കര വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. പകരം, സംസ്ഥാന നിർവാഹക സമിതിയംഗം സി.കെ ശശിധരനെ ചുമതലയേൽപ്പിച്ചു.