സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ്; അഞ്ച് കൊല്ലത്തിനിടെ നടന്നത് ആയിരം കോടിയുടെ നികുതി വെട്ടിപ്പ്
തൃശൂർ: തൃശൂരിൽ സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ ജിഎസ്ടി, ഇന്റലിജൻസ് വിഭാഗം നടത്തിയ റെയ്ഡിൽ പുറത്തു വന്നത് വലിയ ക്രമക്കേടുകളാണ്. അഞ്ച് കൊല്ലത്തിനിടെ ആയിരം കോടിയുടെ നികുതി വെട്ടിപ്പെന്നാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. വിറ്റുവരവ് മറച്ചുവച്ചാണ് നികുതിവെട്ടിപ്പ് നടത്തിയത്. പ്രതിമാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനം 2 കോടി മാത്രമാണ് കണക്കിൽ കാണിച്ചിട്ടുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ പരിശോധനകൾക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അനധികൃതമായി സൂക്ഷിച്ച 108 കിലോ സ്വർണമാണ് കണ്ടുകെട്ടിയത്. 5.43 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 77 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 38 സ്ഥാപനങ്ങളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. തൃശ്ശൂരിൽ നടന്നത് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡാണ്. ഓപ്പറേഷൻ ടോറേ ഡെൽ ഓറോ എന്നതായിരുന്നു ഓപ്പറേഷന് നൽകിയ പേര്.