എട്ട്യാകരിയിൽ പക്ഷിപ്പനി; ഇന്നലെ കൊന്നത് 13,000 താറാവുകളെ
പായിപ്പാട്: പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തിലെ എട്ട്യാകരി, കൈപ്പുഴാക്കൽ പാടശേഖരത്തിലെ മുഴുവൻ താറാവുകളയും കൊന്ന് സംസ്കരിച്ചു. 13,000 താറാവുകളെയാണ് ഇന്നലെ സംസ്കരിച്ചത്. ഔസേപ്പ് മാത്യുവിന്റെ താറാവുകളാണിത്. ഇദ്ദേഹത്തിന്റെ തന്നെ 5,000 താറാവുകളാണ് പക്ഷിപ്പനിബാധ മൂലം കഴിഞ്ഞ ദിവസങ്ങളിൽ ചത്തുവീണത്. മൃഗസംരക്ഷണ, ആരോഗ്യ, റവന്യു വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു നടപടി. വെള്ളപ്പൊക്കബാധിത പ്രദേശമായതിനാൽ ഇൻസിനറേറ്ററുകൾ ഉപയോഗിച്ച് താറാവുകളെ കത്തിച്ചു സംസ്കരിക്കുകയായിരുന്നു. ആയതിനാൽ പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ പക്ഷികളുടെയും അവയുടെ ഉൽപന്നങ്ങളുടെയും വിപണനവും കടത്തലും പൂർണമായി നിരോധിച്ചു. കൂടാതെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ മറ്റു വാർഡുകളിലും ചങ്ങനാശേരി നഗരസഭയിലും, വാഴപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി പഞ്ചായത്തുകളിലും ജൂൺ രണ്ടു വരെ പക്ഷികളുടെയും അവയുടെ മുട്ട, കാഷ്ഠം തുടങ്ങി ഉൽപന്നങ്ങളുടെയും വിപണനവും കടത്തലും നിരോധിച്ചിട്ടുണ്ട്.