For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ബിഷപ്പിനെ മുന്‍നിര്‍ത്തി സിപിഎമ്മില്‍
പിണറായിക്കെതിരെ പടനീക്കം

02:48 PM Jun 10, 2024 IST | Online Desk
ബിഷപ്പിനെ മുന്‍നിര്‍ത്തി സിപിഎമ്മില്‍ br പിണറായിക്കെതിരെ പടനീക്കം
Advertisement

പത്തനംതിട്ട: ലോകസഭാ തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ ഇടതുസര്‍ക്കാരിനെതിരായി യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് നടത്തിയ വിമര്‍ശനം സിപിഎമ്മിനകത്ത് പിണറായി വിജയനെതിരേ രൂപപ്പെടുന്ന ധ്രുവീകരണത്തിന്റെ ആദ്യ വെടിയൊച്ചയെന്ന് സൂചന. പിണറായി വിജയന്‍ വിവരദോഷിയെന്ന് ബിഷപ്പിനെ വിശേഷിപ്പിച്ചത് പാര്‍ട്ടിക്കകത്ത് തനിക്കെതിരേ രൂപപ്പെടുന്ന കരുനീക്കങ്ങളെ മനസിലാക്കി തന്നെയാണ്.

Advertisement

തിരിച്ചടികള്‍ എന്തുകൊണ്ടാണെന്നു സിപിഎമ്മും ഇടതു കക്ഷികളും മനസിലാക്കണമെന്നും അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നുമാണ് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശിച്ചത്. പിണറായി തള്ളിപ്പറഞ്ഞിട്ടും വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

സിപിഎമ്മിലെ പ്രമുഖരായ ചില നേതാക്കളുടെ പിന്‍ബലത്തിലാണ് പിണറായിയെ ലക്ഷ്യമിട്ട് ബിഷപ്പ് വിമര്‍ശനമുന്നയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഡോ.തോമസ് ഐസക്കടക്കം ചില നേതാക്കള്‍ പിണറായിക്കെതിരേ പാര്‍ട്ടിക്കകത്ത് കരുനീക്കങ്ങള്‍ നടത്തുന്നതായി നേരത്തേ സൂചനകളുണ്ടായിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ പിണറായി പക്ഷം പതറി നില്‍ക്കുമ്പോള്‍ അവസരം നോക്കി ആഞ്ഞടിക്കാനുള്ള നീക്കത്തിലാണ് സിപിഎമ്മിനകത്തെ പിണറായി വിരുദ്ധപക്ഷമുള്ളത്.

സിപിഎമ്മിനോട് എപ്പോഴും ഐക്യപ്പെട്ടു നില്‍ക്കുന്ന ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ തന്നെ പിണറായി വിരുദ്ധപക്ഷം പരസ്യവിമര്‍ശനത്തിനു രംഗത്തിറക്കിയെന്നു വേണം കരുതാന്‍. പാര്‍ട്ടി കൂറ് പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള ഒരു വൈദികനെ പിണറായി വിജയനെ പോലൊരു നേതാവ് വിവരദോഷിയെന്ന് വിളിച്ചത് പാര്‍ട്ടിക്കകത്തെ ചിലരുടെ രഹസ്യ അജണ്ട് മനസിലാക്കി തന്നെയാണെന്ന് വ്യക്തം.

2012-ല്‍ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സിപിഎം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച ചരിത്രചിത്ര പ്രദര്‍ശനത്തില്‍ വിപ്ലവകാരികള്‍ക്കൊപ്പം യേശുക്രിസ്തുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദമായ ഘട്ടത്തില്‍ സിപിഎമ്മിന്റെ രക്ഷക്കെത്തിയ ബിഷപ്പാണ് മാര്‍ കൂറിലോസ്. എല്ലാ സഭകളും സിപിഎമ്മിനെതിരെ തിരിഞ്ഞ് വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കവേ ബിഷപ്പ് കൂറിലോസ് പ്രസ്തുത പ്രദര്‍ശനം നേരില്‍ കാണുകയും യേശുക്രിസ്തുവിനെ വിപ്ലവകാരി എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും പ്രഖ്യാപിക്കുകയുണ്ടായി. ചിത്ര പ്രദര്‍ശന വിവാദത്തില്‍ നിന്നും ഇടതുപക്ഷത്തിനെ കരകയറ്റിയ ഈ പ്രസ്താവന ഇടതു അനുകൂല മാധ്യമങ്ങളും നേതാക്കളും അക്കാലത്ത് ആഘോഷിച്ചതുമാണ്.

സഭയ്ക്കകത്ത് ഇതു വിവാദമായപ്പോഴും തന്റെ നിലപാടില്‍ നിന്നും അണുവിട മാറാന്‍ ബിഷപ്പ് കൂറിലോസ് തയ്യാറല്ലായിരുന്നു. നിലപാട് മാറ്റിപ്പറയാനുള്ള സമ്മര്‍ദ്ദം ഉണ്ടായാല്‍ ബിഷപ്പ് പദവി രാജിവയ്ക്കും എന്ന ഉറച്ച നിലപാട് അദ്ദേഹം സ്വീകരിച്ചു. സിപിഎം യുവജന, വിദ്യാര്‍ത്ഥി സംഘടനാവേദികളിലും പാര്‍ട്ടി സമ്മേളന സെമിനാറുകളിലും പ്രാസംഗികനായി എത്താറുള്ള ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ പിണറായിക്കെതിരായ നീക്കങ്ങള്‍ക്കായി സിപിഎമ്മിലെ ഒരു വിഭാഗം രംഗത്തിറക്കിയതാണെന്ന സംശയങ്ങള്‍ക്ക് ബലം നല്‍കുന്ന രീതിയില്‍ ബിഷപ്പിനു പിന്തുണയുമായി സിപിഎമ്മിലെ ചില നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്.

ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സിപിഎം തിരുവല്ല ഏരിയാ കമ്മിറ്റി അംഗവുമായ അഡ്വ.കെ പ്രകാശ് ബാബു ബിഷപ്പിന് പരസ്യമായ പിന്തുണ നല്‍കി പ്രസംഗിക്കുകയുണ്ടായി. ഉറച്ച നിലപാടുകള്‍ ഉറക്കെ തന്നെ പറയണമെന്നും അതു നല്ല വ്യക്തിയുടെ ലക്ഷണമാണെന്നുമായിരുന്നു പ്രകാശ് ബാബു പറഞ്ഞത്. സാമൂഹിക മാധ്യമങ്ങളിലും ഇടതനുകൂലികള്‍ ബിഷപ്പിന് പിന്തുണയുമായി പ്രചാരണം നടത്തുന്നുണ്ട്.

Tags :
Author Image

Online Desk

View all posts

Advertisement

.