മോദി വന്നതു കൊണ്ട് കേരളത്തിൽ ബിജെപി വിജയിക്കില്ല: സതീശൻ
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നതു കൊണ്ട് കേരളത്തിൽ ബി.ജെ.പി വിജയിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബി.ജെ.പിയുടെ വിദ്വേഷ കാമ്പയിൻ കേരളത്തിന്റെ മതേതര മനസ് വെറുപ്പോടെ തള്ളിക്കളയുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയൻ ചോര വീഴുന്നത് കണ്ട് ആഹ്ലാദിക്കുന്ന സാഡിസ്റ്റ് ആണെന്നും സതീശൻ കുറ്റപ്പെടുത്തി.
ജനങ്ങൾക്കിടയിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാനും മതത്തെയും ആരാധനാലയങ്ങളെയും രാഷ്ട്രീയവുമായി കൂട്ടിക്കലർത്താനുമാണ് ബിജെപി ശ്രമിക്കുന്നത്. കേരളത്തിന്റെ മതേതര മനസ് ഇതൊന്നും സ്വീകരിക്കില്ല. അവരതു വെറുപ്പോടെ തള്ളിക്കളയും. രാഹുൽ ഗന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. മതേതരത്വം സംരക്ഷിക്കാനും ജനങ്ങളെ ഒന്നിപ്പിക്കാനുമുള്ള യാത്രയാണത്. വിദ്വേഷ കാമ്പയിന് എതിരെ ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കാമ്പയിനാണ് ഭാരത് ജോഡോ യാത്ര. ആര് ഭിന്നിപ്പിക്കാൻ ശ്രമിച്ചാലും അതിന് കോൺഗ്രസ് അനുവദിക്കില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
സമരങ്ങളെ അടിച്ചമർത്തി ചോരയിൽ മുക്കിക്കൊല്ലുന്നതിൽ ആഹ്ലാദിക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. പൊലീസിനെയും ക്രിമിനലുകളെയും കയറൂരി വിട്ട് രാഷ്ട്രീയ എതിരാളികളുടെ ചോര വീഴ്ത്തിയ സർക്കാർ സംസ്ഥാന ചരിത്രത്തിൽ ഉണ്ടായിട്ടില്ല. കുഞ്ഞുങ്ങളുടെ ചോര മണ്ണിൽ പതിക്കുന്നത് കണ്ട് ആഹ്ലാദിക്കുന്ന മനസുള്ള സാഡിസ്റ്റാണ് മുഖ്യമന്ത്രി. കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ച ഏകാധിപതികളായ ഭരണാധികാരികളെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഭരണാധികാരിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.