തെരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം ആന്തർധാര, സിപിഎം മത്സരിക്കുന്നത് ചിഹ്നം നഷ്ടപ്പെടാതിരിക്കാൻ; വി.ഡി സതീശൻ
തിരുവനന്തപുരം: ബിജെപിക്ക് രാജ്യത്ത് വീണ്ടും അവസരമൊരുക്കാൻ സിപിഎം നേതാക്കൾ അദ്ധ്വാനിക്കുന്നതിന്റെ ഉദാഹരണമാണ് കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്റെയും എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെയും പ്രസ്താവനകളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ തെരഞ്ഞെടുപ്പോടെ കൂടെ കോൺഗ്രസിന്റെ മയ്യത്ത് എടുക്കും എന്നാണ് ബാലന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. കോൺഗ്രസിനെ തോൽപ്പിച്ചിട്ട് ആരെ വിജയിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. ബിജെപിയെ സിപിഎമ്മിന് ഭയമാണ്. ഇഡി അന്വേഷണത്തെ ആശങ്കയോടെ കാണുന്ന പിണറായി വിജയൻ തന്റെ അനുയായികളെ കൊണ്ട് നിരന്തരം ബിജെപി അനുകൂല പ്രസ്താവനകൾ നടത്തുകയാണെന്നും സതീശൻ പറഞ്ഞു.
ബിജെപിയെ തോൽപ്പിക്കുകയല്ല തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ പ്രധാന ലക്ഷ്യം തങ്ങളുടെ ചിഹ്നം നിലനിർത്തുക എന്നതാണ്. അല്ലെങ്കിൽ ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും നീരാളിയുടെയും ചിഹ്നത്തിൽ പാർട്ടി സ്ഥാനാർത്ഥികൾ ജനവിധി തേടേണ്ടി വരും എന്നുമാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗത്തിന്റെ വ്യാകുലതയെന്നും സതീശൻ പറഞ്ഞു. സിപിഎം വംശനാശം നേരിടുകയാണ്. ത്രിപുരയിലും ബംഗാളിലും എല്ലാം പാർട്ടി പൂർണ്ണമായും ബിജെപി ആയിക്കഴിഞ്ഞു. കേരളത്തിൽ മാത്രമാണ് ഈ പാർട്ടി അവശേഷിക്കുന്നത്. സിപിഎം യഥാർത്ഥത്തിൽ മത്സരിക്കുന്നത് തങ്ങളുടെ നിലനിൽപ്പിനു വേണ്ടി മാത്രമാണ്. അതേസമയം വർഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്നും ഇറക്കുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ പിന്നാലെ ഇപ്പോൾ കേന്ദ്രത്തിനെതിരെ കൊടുത്തിരിക്കുന്ന കേസ് വെറും ഇലക്ഷൻ സ്റ്റാണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എൻഡിഎ ഘടകകക്ഷിയായ ജനതാദൾ(എസ് ) ഇപ്പോഴും പിണറായി മന്ത്രിസഭയിൽ തുടരുന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.