പ്രധാനമന്ത്രിക്ക് കാഴ്ചവയ്ക്കാൻ കിട്ടിയത്
ക്ലാവുപിടിച്ച ഓട്ടുപാത്രങ്ങളെയെന്ന് എംഎം ഹസൻ
- ജയരാജന് റിക്രൂട്ടിംഗ് ഏജൻസി
തിരുവനന്തപുരം: നരേന്ദ്ര മോദി വരുമ്പോൾ കാഴ്ചവയ്ക്കാനായി പ്രമുഖരായ കോൺഗ്രസ് നേതാക്കളെ ബിജെപിയിൽ ചേർക്കുമെന്നു പെരുമ്പറ കൊട്ടിയവർക്ക് കിട്ടിയത് ക്ലാവുപിടിച്ച ഓട്ടുപാത്രങ്ങളെയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസൻ. അവരുടെ കൂടെ പോകാൻ ഒരാളുപോലും ഇല്ലായിരുന്നു. കാലഹരണപ്പെട്ട ഇവർക്ക് പാർട്ടിയിലോ ജനങ്ങളുടെ ഇടയിലോ ഒരു സ്ഥാനവും ഇല്ല. പ്രധാനമന്ത്രി വരുമ്പോൾ കണ്ണുകിട്ടാതിരിക്കാൻ ഇവരെ മുന്നിൽ നിർത്താമെന്നും ഹസൻ പരിഹസിച്ചു.
മുൻ മന്ത്രി, മുൻഎംപി, മുൻ എംഎൽഎ തുടങ്ങിയവർ ബിജെപിയിലെത്തും എന്നായിരുന്നു സംഘപരിവാർ ശക്തികളും സിപിഎമ്മും ഒരുപോലെ പ്രചരിപ്പിച്ചിരുന്നത്. 2021ൽ യുഡിഎഫ് തോറ്റപ്പോൾ കോൺഗ്രസ് അടപടലം ബിജെപിയിലേക്ക് എന്നായിരുന്നു പ്രചാരണം. അന്നു മുതൽ വിവിധതരം പാക്കേജുകളുമായി ഇവർ നടത്തിയ ഭഗീരഥ പ്രയത്‌നമെല്ലാം വിഫലമായി.
കാറ്റുപോയ ബലൂൺപോലെ കിടക്കുന്ന ബിജെപിക്ക് കേരളത്തിൽ പ്രസക്തിയുണ്ടാക്കാനുള്ള ക്വട്ടേഷൻ പിടിച്ചിരിക്കുന്നത് എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്താണെന്നാണ് ജയരാജൻ പ്രചരിപ്പിക്കുന്നത്. സിപിഎം- ബിജെപി ധാരണയാണ് ജയരാജന്റെ അവകാശവാദത്തിന്റെ അടിസ്ഥാനം. കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തിൽ് ക്വട്ടേഷൻ പരിശീലനം കഴിഞ്ഞ ജയരാജൻ ഇപ്പോൾ റിക്രൂട്ട്‌മെന്റ് ഏജൻസി തുടങ്ങിയിരിക്കുകയാണെന്നും ഹസൻ പരിഹസിച്ചു.