പശുത്തൊഴുത്തില്‍ കിടന്നാല്‍ അര്‍ബുദം ഭേദമാകുമെന്ന വിചിത്ര വാദവുമായി ബിജെപി മന്ത്രി
ലഖ്‌നോ: പശുത്തൊഴുത്ത് വൃത്തിയാക്കുന്നതും അവിടെ കിടക്കുന്നതും അര്‍ബുദം ഭേദമാക്കുമെന്ന വിചിത്ര വാദവുമായി ഉത്തര്‍പ്രദേശ് ബി.ജെ.പി മന്ത്രി. പശുക്കളെ ഓമനിക്കുന്നതും മുതുകില്‍ തലോടുന്നതും രക്തസമ്മര്‍ദം കുറക്കുമെന്നും കരിമ്പ് വികസന മന്ത്രി സഞ്ജയ് സിങ് ഗാംഗ്വാര്‍ പറഞ്ഞു. സ്വന്തം മണ്ഡലമായ പിലിഭിത്തിലെ പകാഡിയ നൗഗവാനിലെ ഗോശാല ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയുടെ വാദം.
പശുത്തൊഴുത്ത് വൃത്തിയാക്കി അതില്‍ കിടന്നാല്‍ അര്‍ബുദ രോഗം സ്വയം സുഖപ്പെടുത്താനാകും. പശുക്കളെ ഓമനിക്കുകയും തലോടുകയും ചെയ്യന്നതിലൂടെ രോഗികള്‍ക്ക് രക്തസമ്മര്‍ദത്തിനുള്ള മരുന്നുകളുടെ അളവ് 10 ദിവസത്തിനുള്ളില്‍ പകുതിയായി കുറക്കാമെന്നും മന്ത്രി അവകാശപ്പെട്ടു. വിവാഹ വാര്‍ഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളില്‍ ആഘോഷിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
'രക്തസമ്മര്‍ദമുള്ള രോഗിയുണ്ടെങ്കില്‍ അവര്‍ക്ക് പശുക്കള്‍ ഉണ്ട്. ദിവസവും രാവിലെയും വൈകീട്ടും പശുവിന്റെ മുതുകില്‍ തലോടുകയും ഓമനിക്കുകയും ചെയ്യണം. ഒരാള്‍ രക്തസമ്മര്‍ദത്തിന് 20 മില്ലിഗ്രാം ഡോസ് മരുന്ന് കഴിക്കുന്നുണ്ടെങ്കില്‍, 10 ദിവസത്തിനുള്ളില്‍ അത് 10 മില്ലിഗ്രാമായി കുറക്കാനാകും' -മന്ത്രി പറഞ്ഞു. അര്‍ബുദ രോഗി പശുത്തൊഴുത്ത് വൃത്തിയാക്കുകയും അതില്‍ കിടക്കുകയും ചെയ്താല്‍ അയാളുടെ രോഗം പൂര്‍ണമായും ഭേദമാവും. നിങ്ങള്‍ പശുച്ചാണകം കത്തിച്ചാല്‍ കൊതുകുശല്യം ഉണ്ടാവില്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കും പശുവുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളില്‍ പരിഹാരമുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.
ഈദിന് മുസ്ലിംകള്‍ പശുത്തൊഴുത്ത് സന്ദര്‍ശിക്കണം. ഈദിനുള്ള സേമിയ പായസം പശുവിന്റെ പാലുകൊണ്ട് ഉണ്ടാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെയും ബി.ജെ.പി നേതാക്കള്‍ സമാന വാദങ്ങളുമായി രംഗത്തു വന്നിരുന്നു. അര്‍ബുദ മരുന്നുകളിലും ചികത്സക്കും ഗോമൂത്രം ഉപയോഗിക്കാമെന്ന് നിലവിലെ കേന്ദ്ര ഭക്ഷ്യ-പരിസ്ഥിതി സഹമന്ത്രിയും മുന്‍ ആരോഗ്യ സഹമന്ത്രിയുമായ അശ്വിനി കുമാര്‍ ചൗബേ അവകാശപ്പെട്ടിരുന്നു.
ഗോമൂത്രവും പശുവിന്റെ മറ്റ് ഉല്‍പന്നങ്ങളും കൂട്ടിച്ചേര്‍ത്ത് കഴിച്ചതാണ് തന്റെ സ്തനാര്‍ബുദം മാറാന്‍ കാരണമായതെന്ന അവകാശവാദവുമായി ഭോപ്പാല്‍ ബി.ജെ.പി എം.പിയും മലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാസിങ് ഠാക്കൂര്‍ രംഗത്തുവന്നിരുന്നു.