ബിജെപി ബന്ധം: എല്‍ഡിഎഫിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നു
സി.കെ നാണുവിനെ ദേവഗൗഡ പുറത്താക്കി: മന്ത്രി കൃഷ്ണന്‍കുട്ടിയെ നോവിക്കാതെ വിട്ടു
സ്വന്തം ലേഖകന്‍
കോഴിക്കോട്: ബിജെപി ബന്ധത്തിന്റെ പേരില്‍ എല്‍ഡിഎഫ് ഘടകകക്ഷിയായ ജനതാദള്‍-എസില്‍ വീണ്ടും കലാപം. സമാന്തര യോഗം വിളിച്ചതിന്റെ പേരില്‍ മുന്‍ മന്ത്രിയും ദേശീയ വൈസ് പ്രസിഡന്റുമായ സി.കെ നാണുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ എല്‍ഡിഎഫിനൊപ്പമുള്ള മന്ത്രി കെ.കൃഷ്ണന്‍കുട്ടി വിഭാഗത്തെ തള്ളിപ്പറയാതിരിക്കാന്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ ശ്രദ്ധിച്ചു.
ബെംഗളൂരുവിലെ ജെ.പി ഭവനില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ദേശീയ പ്രസിഡന്റ് പദവിയിലിരിക്കെ സമാന്തരയോഗം വിളിച്ചത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാണുവിനെ പുറത്താക്കിയതെന്ന് ദേവഗൗഡ പറയുന്നു. സി.എം. ഇബ്രാഹിം സി.കെ. നാണുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കൂടെ നിര്‍ത്തിയതെന്നും ദേവഗൗഡ പറഞ്ഞു.
അതേസമയം എല്‍ഡിഎഫ് ഘടകകക്ഷിയായ് തുടരുന്ന ജനതാദള്‍-എസ് കേരള ഘടകത്തെ നോവിക്കാതെ ദേവഗൗഡ നിലപാടെടുത്തത് ബിജെപിയുമായുള്ള രഹസ്യധാരണയുടെ ഭാഗമാണെന്ന ആക്ഷേപം ശക്തമാകുകയാണ്. ദള്‍ ദേശീയ നേതൃത്വവും കര്‍ണാടക ഘടകവും ബിജെപിയുമായ് സഖ്യം പ്രഖ്യാപിച്ചിട്ടും കേരള ഘടകത്തെ പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിലനിര്‍ത്തുകയായിരുന്നു. കേരളത്തില്‍ പാര്‍ട്ടി സ്വതന്ത്രനിലപാടെടുത്താണ് മുന്നോട്ടുപോകുന്നതെന്നാണ് ദേവഗൗഡയുടെ വാദം. കര്‍ണാടകയില്‍ ബിജെപിക്കൊപ്പം കൈകോര്‍ക്കുമ്പോഴും കേരളത്തില്‍ സിപിഎമ്മിനൊപ്പമുള്ള വിഭാഗത്തെ തള്ളിപ്പറയാതെ കൂടെ നിര്‍ത്തുക എന്ന ഇരട്ട തന്ത്രമാണ് ഗൗഡ സ്വീകരിച്ചത്. ദേവഗൗഡയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ദള്‍ കേരള ഘടകം തയ്യാറാവാത്തത് സിപിഎമ്മിന്റെ ആശിര്‍വാദത്തോടെയാണെന്നും ബിജെപി ഘടകകക്ഷിയെ പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിലനിര്‍ത്തുകയാണെന്നും പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. കൃഷ്ണന്‍കുട്ടിയുടെ രണ്ടര വര്‍ഷത്തെ ടേം അവസാനിക്കുമ്പോള്‍ മാത്യു.ടി.തോമസിന് മന്ത്രിസ്ഥാനം നല്‍കാനും സിപിഎമ്മില്‍ ധാരണയുണ്ട്.
എന്നാല്‍ ബിജെപി ബാന്ധവത്തിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം കലാപം ശക്തമാക്കുകയാണ്. മുതിര്‍ന്ന നേതാവ് സി.കെ നാണു ദേശീയ വൈസ് പ്രസിഡന്റ് എന്ന പദവി ഉപയോഗിച്ചാണ് നാളെ ജെഡിഎസ് യോഗം വിളിച്ചത്. സി.എം. ഇബ്രാഹിമിന്റെ ആശീര്‍വാദത്തോടെയാണ് യോഗം. കര്‍ണാടക മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.എം. ഇബ്രാഹമിനെ നേരത്തെ പുറത്താക്കിയിരുന്നു.