ശോഭനയെ കളത്തിലിറക്കാൻ ആഞ്ഞുശ്രമിച്ച് ബിജെപി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിനിമാനടി ശോഭനയെ മൽസര രംഗത്ത് ഇറക്കാൻ അണിയറയിൽ ആഞ്ഞുശ്രമിച്ച് ബിജെപി. നടനും ബിജെപി മുൻ എംപിയുമായ സുരേഷ്ഗോപിയുടെ നേതൃത്വത്തിലാണ് അണിയറ നീക്കങ്ങൾ. നേരത്തെ ശോഭന തിരുവനന്തപുരത്ത് മൽസരിക്കുമെന്ന് അഭ്യൂഹമുയർന്നപ്പോൾ, മൽസരത്തിന് താനില്ലെന്ന് നടി പ്രതികരിച്ചിട്ടും വിടാതെ പിന്തുടരുകയാണ് ബിജെപി നേതൃത്വം. അതേസമയം, ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണെന്നും സ്ഥാനാർത്ഥിയായി നിൽക്കണമെന്നത് സംബന്ധിച്ച് അവരുമായി ചർച്ചകൾ നടത്തിയെന്നും അവകാശവാദമുന്നയിച്ച് സുരേഷ് ഗോപി രംഗത്തുവന്നു. ‘‘ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭന സ്ഥാനാർഥിയാകണം. തിരുവനന്തപുരത്തു നിന്ന് അവർ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഞാനും, കേന്ദ്ര നേതൃത്വവും അവരോട് സംസാരിച്ചിരുന്നു.’’–സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരം ലോക്സഭ സീറ്റില്‍ ബിജെപിക്ക് നിരവധി പേരുകൾ ഉയരുന്നത് നിരാശയിൽ നിന്നാണെന്ന് ശശി തരൂർ എംപി പ്രതികരിച്ചു. ശോഭന സുഹൃത്താണ്. മത്സരിക്കില്ലെന്ന് ഫോണിൽ തന്നെ അറിയിച്ചു. തിരുവനന്തപുരത്ത് എതിരാളികളെ വിലകുറച്ച് കാണുന്നില്ല. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കേരളത്തിൽ വിലപ്പോവില്ലെന്നും ശശി തരൂർ പറഞ്ഞു.
കേരളത്തിലെ ലോക്സഭ സീറ്റുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ബിജെപി ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന തിരുവനന്തപുരം സീറ്റിലേക്ക് നിരവധി പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ പേരിനു പുറമേ, നിർമാതാവ് സുരേഷ്കുമാറിന്റെ പേരും പരിഗണനയിലുണ്ടെന്നാണ് വിവരം.