ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന സ്ഥിതി; വോട്ടിംഗ് യന്ത്രങ്ങളുടെ തകരാർ പരിഹരിച്ചില്ലെങ്കിൽ ബിജെപി 400ലേറെ സീറ്റുകൾ നേടും; സാം പിത്രോദ
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ സാങ്കേതിക തകരാറുകൾ പരിഹരിച്ചില്ലെങ്കിൽ വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപി നാനൂറിലേറെ സീറ്റുകൾ നേടുമെന്ന് സാങ്കേതിക വിദഗ്ധനും കോൺഗ്രസ് നേതാവുമായ സാം പിത്രോദ. വിവിപാറ്റ് സമ്പ്രദായം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട പിത്രോദ, തിരഞ്ഞെടുപ്പുകളാണ് ഇന്ത്യയുടെ ഭാവി നിർണയിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് പിത്രോദ ഇക്കാര്യം വ്യക്തമാക്കിയത്.
‘‘അടുത്ത പൊതുതിരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തിന്റെ ഭാവിയെത്തന്നെ നിർണയിക്കുന്ന ഒന്നാണ്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ പൗരസമൂഹത്തിനു സ്വതന്ത്രമായി പ്രവർത്തിക്കാനും എല്ലാ മതവിഭാഗക്കാർക്കും തുല്യ അവകാശം നൽകുന്നതുമായ രാഷ്ട്രമാണ് നമുക്ക് വേണ്ടത്. ഭരണഘടനാ സ്ഥാപനങ്ങൾക്ക് അവയുടെ സ്വയംഭരണം വീണ്ടെടുക്കാനാവണം. ഇതല്ലാതെ ഏതെങ്കിലും പ്രത്യേക വിഭാഗം ആധിപത്യം പുലർത്തുന്ന രാജ്യമാണോ വേണ്ടത്?
വിവിപാറ്റ് സമ്പ്രദായത്തിൽ ജസ്റ്റിസ് മദൻ ബി.ലോക്കൂറിന്റെ അധ്യക്ഷതയിലുള്ള സമിതി നിർദേശിച്ച പ്രകാരമുള്ള പരിഷ്കരണം കൊണ്ടുവരണം. സമ്മതിദായകർക്ക് തങ്ങൾ നൽകിയ ആൾക്കുതന്നെയാണ് വോട്ട് കിട്ടിയതെന്ന് ഉറപ്പാക്കാൻ കഴിയണം. ജനാധിപത്യം അട്ടിമറിക്കപ്പെട്ട സ്ഥിതിയാണ് നിലവിലുള്ളത്. വോട്ടിങ് യന്ത്രങ്ങളിലെ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ബിജെപി നാനൂറിലേറെ സീറ്റ് നേടും’’ –പിത്രോദ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട തന്റെ പരാമർശം ബിജെപി വളച്ചൊടിച്ചെന്ന് പിത്രോദ വ്യക്തമാക്കി. മതം വ്യക്തികേന്ദ്രീകൃതമാണ്. മതവും രാഷ്ട്രീയവും തമ്മിൽ കലർത്തരുതെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാണിക്കാതെയാണ് ‘ഇന്ത്യ’ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.