'കരിങ്കൊടിപ്പേടി'; വിഐപി സുരക്ഷയ്ക്ക് പ്രത്യേക ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: ജനദ്രോഹ ഭരണത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ യുവജന സംഘടനകളും സർവകലാശാല സെനറ്റ് അംഗങ്ങളുടെ നിയമനപ്പട്ടികയുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതു യുവജന, വിദ്യാർത്ഥി സംഘടനകളുടെയും കരിങ്കൊടി പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ വിഐപി സുരക്ഷാ ഡ്യൂട്ടിക്ക് പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കാൻ ആലോചന. മുഖ്യമന്ത്രിയുടെയും ഗവർണറുടെയും മറ്റു വിഐപികളുടെയും സുരക്ഷയ്ക്കായി തലസ്ഥാന നഗരത്തിൽ ഡപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ള (ഡിസിപി) ഉദ്യോഗസ്ഥനെ നിയമിക്കാനാണ് ആലോചന. ഇതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ ഐജി നാഗരാജുവിനോട് സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ് ആവശ്യപ്പെട്ടു. ഡിജിപി അടുത്തിടെ വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രിയുടെയും ഗവർണറുടെയും സുരക്ഷ ചർച്ചയായി. ഗവർണർക്കു നേരെ പാളയത്ത് കരിങ്കൊടി പ്രതിഷേധമുണ്ടായപ്പോൾ സിറ്റി പൊലീസ് കമ്മിഷണറോ, ക്രമസമാധാന ചുമതലയുള്ള ഡിസിപിയോ സ്ഥലത്തുണ്ടായിരുന്നില്ല. എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിൽ അടിച്ചു.
സംഭവത്തിൽ ഗവർണർ ഡിജിപിയോട് റിപ്പോർട്ടും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതും യോഗങ്ങളിലും ദൈനംദിന പരിപാടികളിലും സുരക്ഷാ മേൽനോട്ടം വഹിക്കുന്നതും വിഐപി സുരക്ഷയുടെ ഭാഗമാണെന്ന് സംസ്ഥാന പൊലീസ് മേധാവി യോഗത്തിൽ വ്യക്തമാക്കി. വിഐപി സുരക്ഷയ്ക്കായി മാത്രം ഡിസിപി തസ്തിക സൃഷ്ടിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ യോഗത്തിൽ ആവശ്യപ്പെട്ടു.
ക്രമസമാധാന ചുമതലയുള്ള ഡിസിപിക്ക് നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. വിഐപി സുരക്ഷയിൽനിന്നു മാറ്റിയാലേ നഗരത്തിലെ മറ്റു ക്രമസമാധാന പ്രശ്നങ്ങളിലും കേസുകളിലും ഇടപെടാൻ കഴിയൂ എന്നും കമ്മിഷണർ വ്യക്തമാക്കി. മുഖ്യമന്ത്രി തലസ്ഥാനത്തുള്ള ദിവസങ്ങളിൽ രണ്ടിലധികം സർക്കാർ പരിപാടികളെങ്കിലും മിക്കപ്പോഴും ഉണ്ടാകാറുണ്ട്. വിഐപി ഡ്യൂട്ടി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് ഇതിനായി മാത്രം മണിക്കൂറുകൾ ചെലവഴിക്കേണ്ട സാഹചര്യമാണ്. പ്രതിഷേധങ്ങളോ ക്രമസമാധാന പ്രശ്നമോ നഗരത്തിൽ ഉണ്ടായാൽ വേഗം സ്ഥലത്തെത്താനോ നടപടിയെടുക്കാനോ കഴിയാറില്ല. വിഐപി സുരക്ഷയ്ക്കായി മാത്രം ഡിസിപി തസ്തിക രൂപീകരിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.