Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മധ്യപ്രദേശില്‍ അനധികൃത പടക്ക നിര്‍മാണ ഫാക്ടറിയില്‍ സ്ഫോടനം; 7 മരണം, നിരവധി പേര്‍ക്ക് പരിക്ക്

08:06 PM Feb 06, 2024 IST | Online Desk
Advertisement

ഭോപ്പാല്‍: മധ്യപ്രദേശിലെ ഹര്‍ദയില്‍ അനധികൃത പടക്കനിര്‍മാണ ഫാക്ടറിയിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് ഹര്‍ദയിലെ ബൈരാഗഡ് പ്രദേശത്തെ ഫാക്ടറിയില്‍ സ്ഫോടനമുണ്ടായത്. സമീപത്തെ അറുപതോളം വീടുകളും നിരവധി വാഹനങ്ങളും കത്തിനശിച്ചു. നൂറിലധികം വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഫാക്ടറിയില്‍ തുടര്‍ച്ചയായി സ്ഫോടനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. തീ അണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍പ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

Advertisement

അഗ്‌നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ടെന്നും തീപ്പിടിത്തത്തിന്റെ കാരണം നിലവില്‍ വ്യക്തമല്ലെന്നും ഹര്‍ദ പോലീസ് സൂപ്രണ്ട് (എസ്പി) സഞ്ജീവ് കാഞ്ചന്‍ അറിയിച്ചു. ഹര്‍ദ, ബേതുല്‍, ഖണ്ട്വ, നര്‍മ്മദാപുരം എന്നിവിടങ്ങളില്‍നിന്ന് ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്തെത്തുന്നുണ്ട്.

മുഖ്യമന്ത്രി ഡോ.മോഹന്‍ യാദവ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഫാക്ടറിയില്‍ 100 തൊഴിലാളികള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. മന്ത്രി ഉദയ് പ്രതാപ് സിങ്, അഡീഷണല്‍ ചീഫ് സെക്രട്ടറി അജിത് കേസരി, ഡെപ്യൂട്ടി ജനറല്‍ ഹോം ഗാര്‍ഡ് അരവിന്ദ് കുമാര്‍ എന്നിവരോട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഭോപ്പാല്‍ മെഡിക്കല്‍ കോളേജിനോടും എയിംസിലെ ബേണ്‍ യൂണിറ്റിനോടും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.മന്ത്രി ഉദയ് പ്രതാപ് സിങ് ഹര്‍ദയിലെ ജില്ലാ ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. കളക്ടറുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

Advertisement
Next Article