വയനാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് വീട് വെയ്ക്കാനുള്ളസ്ഥലം സൗജന്യമായി നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ ജീവന്‍ തിരിച്ചുകിട്ടിയ നൂറ് കണക്കിനാളുകളാണ് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഉറ്റവരെയും ഉടയവരെയും, ഒരായുസുമുഴുവന്‍ സമ്പാദിച്ചതുമെല്ലാം ഒറ്റ രാത്രികൊണ്ട് മണ്ണിനടിയിലായി. ആ ഷോക്ക് അവര്‍ക്കിതുവരെ മാറിയിട്ടില്ല. ഇവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ കുഴയുകയാണ് അവിടെയെത്തുന്ന ഓരോരുത്തരും.
ദുരിത ബാധിതര്‍ക്കുള്ള ആഹാരവും വസ്ത്രങ്ങളുമൊക്കെയായി സഹായ പ്രവാഹമാണ്. അരിയും, ഉപ്പും, സാനിറ്ററി നാപ്കിന്‍സും, വസ്ത്രങ്ങളുമടക്കമുള്ള അവശ്യ സാധനങ്ങള്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്ന് ഒഴുകിയെത്തുമ്പോഴും അവരുടെ ഉള്ളില്‍ ആളിക്കത്തുന്ന ഒരു ചോദ്യമുണ്ട്. ഇനിയെങ്ങോട്ട് എന്ന്. വീട് വച്ച് നല്‍കാന്‍ സഹായിക്കുമെന്ന് അറിയിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. അതിനുള്ള ഭൂമി ആര് നല്‍കുമെന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്.നൂറ് കുടുംബങ്ങള്‍ക്ക് വീടു വയ്ക്കാനാവശ്യമായ ഭൂമി നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍,
'വയനാട്ടിലാണ് ഉള്ളത്. ഇന്നലെ ക്യാമ്പ് സന്ദര്‍ശിച്ചപ്പോഴുണ്ടായ ആശയമാണ്. ഭക്ഷണവും വസ്ത്രവുമൊക്കെയായിട്ടാണ് ഞങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയത്. സാധനങ്ങളൊക്കെ കൊടുക്കുമ്പോള്‍ ഇതൊക്കെ ഇവിടെ ഇഷ്ടം പോലെയുണ്ടെന്നും ഇതുകഴിഞ്ഞാല്‍ എവിടെപോകുമെന്നുമാണ് അവര്‍ ചോദിക്കുന്നത്.
എത്ര കാലം ഈ ക്യാമ്പില്‍ കഴിയും. ഞങ്ങളെവിടെ പോകും, ഞങ്ങളുടെ വീടും സ്വത്തും പോയെന്ന് പറഞ്ഞ് ദുരിത ബാധിതര്‍ കരയുകയാണ്. ആയിരം ഏക്കര്‍ മേപ്പാടിയിലുണ്ട്. അതില്‍ നിന്ന് 100 കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാനുള്ള സ്ഥലം സൗജന്യമായി നല്‍കാമെന്ന് അവര്‍ക്ക് വാക്ക് കൊടുത്തു. ഇന്നലെ രാത്രി തീരുമാനമെടുത്തിട്ടുണ്ട്. അതിന്റെ കാര്യങ്ങള്‍ക്ക് വേണ്ടി ഇന്ന് ഉച്ചയ്ക്ക് ശേഷം കളക്ടറുടെയടുത്തും മറ്റും പോകുന്നുണ്ട്. അതാണ് ഇപ്പോള്‍ അവര്‍ക്ക് അത്യാവശ്യം.നമ്മുടെ അഞ്ച് ആംബുലന്‍സുകള്‍ അവിടെയുണ്ട്. ആംബുലന്‍സുകള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ല, അത്രയേറെ ആംബുലന്‍സുകളാണ് ഒരുപാട് പേര്‍ കൊണ്ടുവന്നത്. അവിടെ അത്യാവശ്യം എല്ലാ കാര്യങ്ങളും ഉണ്ട്. ഇതാണ് അവര്‍ക്ക് ആവശ്യം.
നൂറ് കുടുംബങ്ങളെ കണ്ടെത്തുന്നത്
ഇന്നലെ ഞാന്‍ ക്യാംപിലുണ്ടായിരുന്നു. അവരുടെ റൂമിലൊക്കെ പോയി സംസാരിച്ചു. രണ്ടായിരത്തോളം പേരുണ്ട്. ഏകദേശ കണക്കെടുത്തപ്പോള്‍ നൂറോളം കുടുംബങ്ങള്‍ക്കാണ് വീട് അത്യാവശ്യം വരിക. ബാക്കി ആള്‍ക്കാരൊക്കെ മരിച്ചു പോയി. ഏകദേശ കണക്കാണ് കിട്ടിയത്. അതിന്റെ അടിസ്ഥാനത്തിലാണ് കൊടുക്കാമെന്ന് പറഞ്ഞത്. ഇനി കൃത്യമായ കണക്ക് നോക്കണം.