Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇനി ആർക്കു വേണം, പല്ലുകൊഴിഞ്ഞ ലോകായുക്ത?

11:10 AM Mar 04, 2024 IST | veekshanam
Advertisement

ഇനി എന്തിനാണ് ലോകായുക്ത? ചോദിക്കുന്നത് ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ. കേരള ഹൈക്കോടതിയിലെ റിട്ടയേർഡ് ജഡ്ജി. മുൻ കേരള ഉപലോകായുക്ത. കേരള നിയമസഭ പാസാക്കിയ ലോകായുക്തയുടെ അധികാരം വെ‌ട്ടിക്കുറച്ചു നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയ വാർത്തയോടു പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് ബാലചന്ദ്രൻ. അതു പറയാനുള്ള എല്ലാ യോഗ്യതയും അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ ഈ ചോദ്യം ഏറ്റവും പ്രസക്തവും ജനകീയവുമാകുന്നു. പല്ലു കൊഴിഞ്ഞ ഈ ലോകായുക്തയെ ഇനി ആർക്കു വേണം?
മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന അധികാര കേന്ദ്രങ്ങൾ നടത്തുന്ന അഴിമതിയും സ്വജനപക്ഷപാതവും വിചാരണ ചെയ്ത് വിധി തീർക്കുന്ന നിയമസംവിധാനമായിരുന്നു ലോകായുക്ത.

Advertisement

ഇതുപ്രകാരം ഒരാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ അയാൾക്കു പിന്നെ ആ സ്ഥാനത്തു തുടരാനാവില്ല. രാജി വച്ചൊഴിയുക മാത്രമേ വഴിയുള്ളു. അഴിമതിക്കെതിരായ അതിശക്തമായ ലോകായുക്ത നിയമത്തിന്റെ പതിന്നാലാം വകുപ്പ് ഭേദഗതി ചെയ്ത നിയമസഭാ നടപടിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ലോകായുക്ത തന്നെ അപ്രസക്തമായി. ഇനി ഏത് അഴിമതി കേസ് വിചാരണ ചെയ്തു തീർപ്പാക്കിയാലും ശിക്ഷ നടപ്പാക്കണമോ എന്നു സർക്കാരിന് തീരുമാനിക്കാം. നടപ്പാക്കുന്നില്ല എന്നു തീരുമാനിക്കപ്പെട്ടാലും ആർക്കും ഒന്നും ചെയ്യാനാവില്ല. അതായത് പ്രതി ശിക്ഷക്കപ്പെട്ടാലും ശിക്ഷ അനുഭവിക്കണമോ എന്ന കാര്യത്തിൽ പ്രതിക്കു തന്നെ തീരുമാനമെടുക്കാമെന്ന വിചിത്രമായ ഭേദഗതിയാണ് നിയമത്തിൽ വരുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ഇനി എന്തിനാണ് ലോകായുക്ത എന്നു ജസ്റ്റിസ് ബാലചന്ദ്രനെപ്പോലുള്ളവർ ചോദിക്കുന്നത്.

പൊതുപ്രവർത്തകർക്കെതിരായ അഴിമതിയും ദുർഭരണവും സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കുന്നതിനും പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനുമായി ഇ.കെ. നായനാർ മുഖ്യമന്ത്രി ആയിരിക്കെ, 1999-ലെ കേരള ലോകായുക്ത ആക്‌ട് (1999 ലെ നിയമം 8) പ്രകാരം രൂപീകരിക്കപ്പെട്ട ജൂഡീഷ്യൽ സംവിധിനമാണ് ലോകായുക്ത. ഹൈക്കോടതി ചീഫ് ജസ്റ്റിസിനു സമാനമായ സേവന വേതന വ്യവസ്ഥകളോടെ ഒരു ലോകായുക്തയും രണ്ട് ഉപലോകായുക്തമാരും വലിയ നിർവഹണ സംവിധാനവും അടങ്ങുന്നതാണ് ലോകായുക്ത എന്ന ക്വാസി ജുഡീഷ്യൽ ചെയർ. ഓരോ വർഷവും 4. 08 കോടി രൂപയാണ് കേരള ലോകായുക്തയുടെ ചെലവ്. മൂന്ന് ലോകായുക്ത ജഡ്ജിമാർക്കും കൂടി വർഷാവർഷം 56.68 കോടി രൂപ ശമ്പളം നൽകണം. അധികാരകേന്ദ്രങ്ങളിൽ നിന്ന് അഴിമതി എന്ന ഇത്തിൾക്കണ്ണി അടർത്തി മാറ്റാനുള്ള ഭരണ സംവിധാനം എന്ന നിലയിലാണ് ഇത്രയും ഭീമമായ തുക ചെലവാക്കി ലോകായുക്ത നിലനിർത്താൻ ജനങ്ങൾ ആഗ്രഹിക്കുന്നത്.
പൊതുപ്രവർത്തകരും തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളും സ്റ്റേറ്റ്‌മെൻ്റുകൾ കൂടാതെ, രണ്ട് വർഷത്തിലൊരിക്കൽ, യോഗ്യതയുള്ള അധികാരിയുടെ മുമ്പാകെ, ചട്ടങ്ങൾ അനുശാസിക്കുന്ന ഫോമുകളിൽ അവരുടെ സ്വത്തു-ബാധ്യതകളുടെ പ്രസ്താവനകൾ സമർപ്പിക്കണമെന്ന് നിയമം അനുശാസിക്കുന്നു. പൊതു സമ്പത്ത് കൊള്ളയടിക്കുന്നതും പൊതു സ്വത്ത് തന്നിഷ്ടപ്രകാരം സ്ഥാപിത താത്പര്യങ്ങൾക്ക് വിനിയോഗിക്കുന്നതും ലോകായുക്ത നിയമം ചോദ്യം ചെയ്യും. പൊതുപണം കൈപ്പറ്റുന്ന ഏതെങ്കിലും ഒരാൾ അഴിമതിക്കു വിധേയനായെന്നു ലോകായുക്തയിൽ തെളിഞ്ഞാൽ അയാൾക്ക് ആ പദവിയിൽ തുടരാനാവില്ല. മുൻ മന്ത്രി കെ.ടി. ജലീൽ അടക്കം പലരും ഇങ്ങനെ പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ലോകായുക്ത നിയമം 14 ഭേദഗതി ചെയ്ത കേരള നിയമസഭയുടെ നടപടിക്ക് രാഷ്ട്രപതി അംഗീകാരം നല്കിയതോടെ ലോകായുക്തയുടെ ജുഡീഷ്യൽ അധികാരം നഷ്ടമായി. ലോകായുക്ത എന്നാൽ ജുഡീഷ്യൽ കമ്മിഷൻ മാത്രമായി. അഴിമതിക്കേസുകളിൽ വിധി പറയുകയല്ല, അന്വേഷിക്കുന്ന കാര്യത്തിൽ വിധി പറയാനല്ല, റിപ്പോർട്ട് സമർപ്പിക്കാൻ മാത്രമേ ഇനി ലോകായുക്തയ്ക്കു കഴിയൂ. കമ്മിഷൻ റിപ്പോർട്ടുകൾ തള്ളാനും കൊള്ളാനുമുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തിമാക്കിയതോ‌ടെ പ്രതിക്കു തന്നെ സ്വയം തീരുമാനമെടുക്കാനുള്ള അവസരം കിട്ടി.
വിവിധ തരം കൃത്യവിലോപങ്ങളിലും അഴിമതിയിലും അപകടം അടക്കമുള്ള വിഷയങ്ങളിലും ജുഡീഷ്യൽ അന്വേഷണം നടത്തിയിട്ടും അതിന്മേൽ നടപടി എടുത്ത ചരിത്രം അപൂർവമാണ്. അതിന്റെ ഗതിയാണ് ഇനിമേൽ ലോകായുക്ത വിധിക്കും സംഭവിക്കുക. അധികാര ദുർവിനിയോഗത്തിന്റെ പേരിൽ ലോകായുക്തയിൽ വിചാരണ നേരിട്ട മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാനാണ് ഇപ്പോഴത്തെ നിയമഭേദഗതിയെന്നും അതിന് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ മൗനാനുവാദം കിട്ടിയെന്നുമാണ് ഉയരുന്ന പുതിയ വിവാദങ്ങൾ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച് കൃത്യമായ മാർഗരേഖയുണ്ട്. ഈ ചട്ടങ്ങൾ ലംഘിച്ചാണ് അന്തരിച്ച മുൻ ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ കുടുംബത്തിന് ദുരിതാശ്വാസ നിധിയിൽ നിന്ന് സംസ്ഥാന സർക്കാർ ധനസഹായം അനുവദിച്ചത്. അതിനെതിരേ കേസ് വന്നപ്പോഴാണ് 14ാം നിയമഭേഗതിയുമായി സർക്കാർ മുന്നോട്ടു പോയതും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതിനു തടയിട്ടതും. ഈ തടയാണിപ്പോൾ രാഷ്‌ട്രപതി ദ്രൗപദി മുർമു തുറന്നു വിട്ടത്. അതോടെ, കേരള ലോകായുക്ത നിയമം പല്ലു പോയ സിംഹത്തിനു സമമായി.
ആദ്യ കാലങ്ങളിൽ അഴിമതിക്ക് എതിരെ പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിൽ ലോകായുക്ത ജനങ്ങളുടെ വിശ്വാസ്യത നേടിയിരുന്നു. പരാതി രജിസ്റ്റർ ചെയ്യാൻ എളുപ്പമായതിനാൽ ധാരാളം പരാതികളും ലഭിച്ചിരുന്നു. കൂടാതെ ലോകായുക്ത സ്വമേധയാ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ മന്ത്രിസഭാ തീരുമാനങ്ങളിൽ വരെ ഇടപെടാൻ ലോകായുക്തക്ക് അധികാരമുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് മനസിലായതിനു ശേഷം സ്ഥിതി മാറി.
മന്ത്രിയാകാൻ യോഗ്യനല്ലെന്ന ലോകായുക്തയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രി കെ.ടി ജലീൽ രാജിവച്ചപ്പോഴാണ് ലോകായുക്തയുടെ കുരുക്ക് ശരിക്കും മനസിലായത്. അതിനു ശേഷമാണ് ലോകായുക്‌തയുടെ അധികാരങ്ങൾ ഭേദഗതി ചെയ്തത്. ദുരിതാശ്വാസ നിധിയുടെ കാര്യത്തിൽ മുഖ്യമന്ത്രിക്കെതിരേയും സമാനമായ സാഹചര്യം ഉണ്ടായേക്കാവുന്ന ആശങ്കയിൽ നിയമഭേദഗതിക്കു സർക്കാർ നിർബന്ധിതമാകുകയായിരുന്നു.
ലോകായുക്ത നിയമം ഭേദഗതി ചെയ്ത നടപടിക്കു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച നടപടി പരക്കെ വിമർശിക്കപ്പെടുകയാണ്. തു‌ടർനിയമനടപടികളെക്കുറിച്ചു പോലും കേരളത്തിലെ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. ഈ നിയമഭേഗതിക്കു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നല്കിയില്ല. തന്നെയുമല്ല ബില്ല് അദ്ദേഹം രാഷ്ട്രപതിക്ക് അയയ്ക്കുകയായിരുന്നു. ഇതു കൂടാതെ മറ്റുചില ബില്ലുകൾ കൂടി അദ്ദേഹം രാഷ്ട്രപതിക്ക് അയച്ചുകൊടുത്തിരുന്നു. കേരളത്തിലെ സർക്കാർ സർവകലാശാലകളിൽ ചാൻസിലർ എന്ന നിലയിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ബില്ലുകളായിരുന്നു അത്. എന്നാൽ ഈ ബില്ലുകളിൽ രാഷ്ട്രപതി ഒപ്പുവച്ചില്ല. അതിനു പിന്നിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ സംശയിച്ചാൽ തെറ്റ് പറയാനാവില്ല.
സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ പിടിച്ചു വയ്ക്കുന്നത് അപൂർവമാണ്. അത്തരം ബില്ലുകൾ രാഷ്ട്രപതിയുടെ തീരുമാനത്തിനു വിടുന്നത് അപൂർവങ്ങളിൽ അപൂർവവും. രാഷ്ട്രപതിയുടെ മുന്നിലെത്തുന്ന ഇത്തരം ബില്ലുകൾ നിയത്തിന്റെ തലനാരിഴ പരിശോധിച്ച് വർഷങ്ങൾ തന്നെ എടുത്താണ് രാഷ്ട്രപതി അന്തിമ തീരുമാനമെടുക്കുന്നത്. എന്നാൽ ലോകായുക്ത നിയമഭേദഗതി ബില്ലിൽ രാഷ്ട്രപതി തിരക്കിട്ടാണു തീരുമാനമെടുത്തതെന്നും ഇതിനകം ആക്ഷേപം ഉയർന്നിട്ടുണ്ട്. അതെല്ലാം നിയമനിർമാണ നടപടികളുടെ ആഭ്യന്തര വിഷയം ആണെന്നു സമ്മതിക്കാം.
പക്ഷേ, ഇവിടെ ഉയരുന്ന പ്രധാന ചോദ്യം അതല്ല. അധികാര കേന്ദ്രങ്ങൾ നടത്തുന്ന അഴിമതി പ്രതിരോധിക്കാൻ എന്താണിനി ഒരു പോംവഴി. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ നടന്ന പ്രചണ്ഡമായ പ്രക്ഷോഭങ്ങൾക്കൊടുവിൽ‌ അന്നത്തെ ഡോ. മൻമോഹൻ മന്ത്രിസഭയാണ് ലോക്പാൽ- ലോകായുക്ത നിയമം പാസാക്കിയത്. ഈ നിയമ നിർമാണത്തിന്റെ ചുവടു പിടിച്ച് ഓരോ സംസ്ഥാനത്തും നിലവിൽ വന്ന ലോകായുക്ത നിയമമാണ് കേരളത്തിലും ഏകകണ്ഠമായി അംഗീകരിച്ചത്. ഈ നിയമത്തിൽ വെള്ളം ചേർത്ത് പ്രതിയുടെ ശിക്ഷ പ്രതി തന്നെ തീരുമാനിക്കുന്ന അവസ്ഥയാണ് നിയമ ഭേദഗതിയിലൂടെ കേരളം നടപ്പാക്കിയിരിക്കുന്നത്. പല്ലുകൊഴിഞ്ഞ ഈ സംഹത്തെ തീറ്റിപ്പോറ്റുന്നതിനു പകരം ദയാവധം വിധിക്കുന്നതാണു നല്ലത്.

Advertisement
Next Article