ബാന്ദ്രയിലെ വീട് വില്‍ക്കാനൊരുങ്ങി ബോളിവുഡ് നടി കങ്കണ റണാവത്ത്
മുംബൈ: അനധികൃത നിര്‍മാണം കണ്ടെത്തിയതിനെ തുടര്‍ന്ന് ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട ബാന്ദ്രയിലെ വീട് വില്‍ക്കാന്‍ ബോളിവുഡ് നടി കങ്കണ റണാവത്ത്. 40 കോടി രൂപ വിലയിട്ടിരിക്കുന്ന വീടാണ് കങ്കണ വില്‍ക്കുന്നത്. ഈ വീട്ടിലാണ് കങ്കണയുടെ ഉടമസ്ഥതയിലുള്ള സിനിമ നിര്‍മാണക്കമ്പനി മണികര്‍ണിക ഫിലിംസിന്റെ ഓഫിസും പ്രവര്‍ത്തിക്കുന്നത്.
അതേസമയം, കടബാധ്യതയുള്ളതിനാലാണ് വീട് വില്‍ക്കാന്‍ കങ്കണ തീരുമാനിച്ചതെന്ന തരത്തില്‍ മാധ്യമ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. 19 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് അവകാശപ്പെട്ട കങ്കണ, 17 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.അതേസമയം, ഡല്‍ഹിയിലും മാണ്ഡ്യയിലും വീടുകള്‍ ഉള്ളതിനാല്‍ ബാന്ദ്രയിലെ വീട് ആവശ്യമില്ലെന്ന് അടുത്ത സുഹൃത്തുകളോട് പറഞ്ഞതായും വാര്‍ത്തകളുണ്ട്.
2013ലാണ് കങ്കണ റാവത്ത് ബാന്ദ്രയില്‍ ഫ്‌ലാറ്റ് വാങ്ങിയത്. അറ്റകുറ്റപണികള്‍ നടത്തിയപ്പോള്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചെന്നും അനധികൃത നിര്‍മാണം പൊളിച്ചു നീക്കണമെന്നും ചൂണ്ടിക്കാട്ടി ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ 2018ല്‍ നോട്ടീസ് നല്‍കി. എന്നാല്‍, കോര്‍പറേഷന്റെ നടപടിക്കെതിരെ കങ്കണ കോടതിയെ സമീപിച്ചു.
അതേസമയം, കോര്‍പറേഷന്‍ അംഗീകരിച്ച പ്ലാനില്‍ മാറ്റം വരുത്തിയെന്ന് കോടതിയും കണ്ടെത്തി. 2020ല്‍ ചട്ടലംഘനം നടത്തി നിര്‍മിച്ച വീടിന്റെ ഒരു ഭാഗം കോര്‍പറേഷന്‍ പൊളിച്ചു നീക്കി. തുടര്‍ന്ന് ഹൈകോടതിയെ സമീപിച്ച കങ്കണ തുടര്‍നടപടിക്കെതിരെ സ്റ്റേ വാങ്ങി. തുടര്‍ന്ന് കോര്‍പറേഷനെതിരെ രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹരജി നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു.അതിനിടെ, ബി.ജെ.പിയില്‍ ചേര്‍ന്ന കങ്കണ കോണ്‍ഗ്രസിനെയും ജവഹര്‍ലാല്‍ നെഹ്‌റു അടക്കം മുന്‍കാല നേതാക്കളെയും അധിക്ഷേപിക്കുന്ന പ്രസ്താവനകളുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സ്വദേശമായ ഹിമാചലിലെ മാണ്ഡിയില്‍ നിന്ന് മല്‍സരിച്ച കങ്കണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.