For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള ബോംബ് ഭീഷണി: തിങ്കളാഴ്ച മാത്രം 30 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

01:46 PM Oct 22, 2024 IST | Online Desk
ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള ബോംബ് ഭീഷണി  തിങ്കളാഴ്ച മാത്രം 30 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി
Advertisement

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു. തിങ്കളാഴ്ച മാത്രം 30 വിമാനങ്ങള്‍ക്ക് ബോംബ് വെച്ചതായി ഭീഷണി സന്ദേശം ലഭിച്ചു. എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഞായറാഴ്ച 25 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു.

Advertisement

തിങ്കളാഴ്ച ഇന്‍ഡിഗോയുടെ മംഗളൂരു-മുംബൈ, അഹമ്മദാബാദ്-ജിദ്ദ, ഹൈദരാബാദ്-ജിദ്ദ, ലഖ്‌നോ-പൂണെ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായി. അധികൃതരുമായി ബന്ധപ്പെട്ടുവെന്നും ഭീഷണിയുടെ സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിച്ചെന്നും ഇന്‍ഡിഗോ വക്താവ് പറഞ്ഞു. നാല് വിമാനങ്ങളിലെയും യാത്രക്കാരെ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്തെത്തിച്ചെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികളുടെയും വ്യോമയാന അധികൃതരുടെയും മാര്‍ഗനിര്‍ദേശമനുസരിച്ച് നടപടികള്‍ സ്വീകരിച്ചെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. തങ്ങളുടെ ഏതാനും വിമാനങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ ബോംബ് ഭീഷണിയുണ്ടായെന്ന് വിസ്താര എയര്‍ലൈന്‍ അറിയിച്ചു.

വിമാനങ്ങള്‍ക്ക് നിരന്തരം ബോംബ് ഭീഷണിയുണ്ടാകുന്ന പശ്ചാത്തലത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യുന്നത് പരിഗണനയിലാണെന്ന് വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഇന്നലെ വ്യക്തമാക്കിയിരുന്നു. വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തുന്നവര്‍ക്ക് ആജീവനാന്ത വിമാനയാത്ര വിലക്ക് ഏര്‍പ്പെടുത്തുന്നതരത്തില്‍ വ്യോമയാന സുരക്ഷ നിയമത്തില്‍ ഭേദഗതി വരുത്താനാണ് ഉദ്ദേശിക്കുന്നത്.

നിരന്തരം ഭീഷണി സന്ദേശങ്ങള്‍ തുടരുന്നത് വ്യോമഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആഭ്യന്തര സര്‍വിസുകള്‍ക്ക് പുറമേ അന്താരാഷ്ട്ര സര്‍വിസുകളും വഴിതിരിച്ചുവിടുകയും പരിശോധനകള്‍ക്കായി അടിയന്തര ലാന്‍ഡിങ് നടത്തുകയും ചെയ്യുന്നത് യാത്രക്കാരെ വലക്കുന്നുണ്ട്. ഭീഷണി ലഭിച്ചാല്‍ നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

അതിനിടെ, നവംബര്‍ ഒന്നു മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനത്തില്‍ പറക്കരുതെന്ന് യാത്രക്കാര്‍ക്ക് ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പട് വന്ത് സിങ് പന്നു ഇന്നലെ രംഗത്തെത്തിയിരുന്നു. ഈ കാലയളവില്‍ എയര്‍ ഇന്ത്യയെ ആക്രമിക്കുമെന്നാണ് പന്നുവിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് സമാന ഭീഷണി ഉയര്‍ത്തിയിരുന്നു. 'സിഖ് വംശഹത്യയുടെ 40 ആം വാര്‍ഷിക'ത്തില്‍ ഒരു എയര്‍ ഇന്ത്യ വിമാനത്തില്‍ ആക്രമണം ഉണ്ടായേക്കാമെന്നും ഗുര്‍പട് വന്ത് സിങ് പന്നു പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.