ആഡംബരകാര്‍ ഇടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം: പതിനേഴുകാരനെ ഉടന്‍ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി
പൂനെ: പൂനെയില്‍ ആഡംബരകാര്‍ ഇടിച്ച് രണ്ട് ഐ.ടി. ജീവനക്കാര്‍ മരിച്ചസംഭവത്തില്‍ മദ്യലഹരിയില്‍ കാറോടിച്ച 17-കാരനെ ഒബ്സര്‍വേഷന്‍ ഹോമില്‍നിന്ന് ഉടന്‍ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി. കൗമാരക്കാരന്റെ ബന്ധു സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് വിധി. 17-കാരന്റെ മാതാപിതാക്കളും മുത്തച്ഛനും അറസ്റ്റിലായതിനാല്‍ കുട്ടിയുടെ സംരക്ഷണചുമതല കുട്ടിയുടെ ബന്ധുവിനാണ്.
കസ്റ്റഡി ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് കോടതിയുടെ വിലയിരുത്തല്‍. അതിനാല്‍, 17-കാരനെ കുടുംബത്തോടൊപ്പം വിടണം. കുട്ടിയെ നല്ല നിലയിലാക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. കുട്ടിയെ ഒരു മനഃശാസ്ത്രജ്ഞന്റെ അടുത്തേക്ക് അയച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
മേയ് 19ന് പുലര്‍ച്ചെ 2.15-ഓടെയാണ് 17-കാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് ബൈക്ക് യാത്രക്കാരായ യുവ എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ടത്. പുണെയിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരായ അശ്വിനി കോസ്റ്റ (24) അനീഷ് ആവാഡിയ (24) എന്നിവര്‍ക്കാണ് സംഭവത്തില്‍ ജീവന്‍ നഷ്ടമായത്. പ്ലസ്ടു ജയിച്ചതിന്റെ പാര്‍ട്ടി കഴിഞ്ഞ് മദ്യലഹരിയിലാണ് 17-കാരന്‍ അതിവേഗത്തില്‍ പോര്‍ഷെ കാറില്‍ യാത്രചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അതിനിടെ, അപകടം നടന്ന് 15 മണിക്കൂറിനുള്ളില്‍ 17-കാരന് ജാമ്യം അനുവദിച്ചത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. റോഡപകടങ്ങളെക്കുറിച്ച് ഉപന്യാസം എഴുതുക, രണ്ടാഴ്ച ട്രാഫിക് പോലീസിനൊപ്പം പ്രവര്‍ത്തിക്കുക, കൗണ്‍സിലിങ്ങിന് വിധേയമാവുക തുടങ്ങിയ ഉപാധികളോടെയാണ് 17-കാരന് ജാമ്യം അനുവദിച്ചിരുന്നത്. ഇത് വാര്‍ത്തായയതോടെ പുണെ അപകടം ദേശീയശ്രദ്ധ നേടി.
സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച 17-കാരന്റെ പിതാവ് വിശാല്‍ അഗര്‍വാള്‍, മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. അപകടസമയത്ത് വാഹനമോടിച്ചത് കുടുംബഡ്രൈവറാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇവരുടെ ശ്രമം. കുറ്റം ഏറ്റെടുക്കാനായി കുടുംബഡ്രൈവറെ തട്ടിക്കൊണ്ടുപോയി സമ്മര്‍ദം ചെലുത്തിയതായും കണ്ടെത്തിയിരുന്നു.