കോൺസ്റ്റാസിന്റെ തോളിൽ ഇടിച്ച് കോഹ്ലി; നടപടിയുമായി ഐസിസി
മെൽബൺ : ഓസ്ട്രേലിയയ്ക്കെതിരായ ബോക്സിംഗ് ഡേടെസ്റ്റില് ഓസ്ട്രേലിയന്‍ അരങ്ങേറ്റ താരം കോൺസ്റ്റാസിന്റെ തോളിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിക്കെതിരേ പിഴ ചുമത്തി ഐസിസി. മാച്ച് ഫീസിന്റെ 20 ശതമാനമാണ് പിഴ അടയ്ക്കേണ്ടത്.
മെൽബണിൽ ഓസീസ് മുൻനിര ബാറ്റർമാരിൽ നാലുപേരും അർധസെഞ്ചുറി നേടിയപ്പോൾ കൂട്ടത്തിൽ 19കാരനായ കോണ്‍സ്റ്റാസ് ആയിരുന്നു കൂടുതല്‍ അപകടകാരി. അരങ്ങേറ്റക്കാരന്റെ യാതൊരുവിധ പതർച്ചയുമില്ലാതെ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ബുംറയുടെ ഒരു ഓവറിൽ 18 റൺസ് അടിച്ചുകൂട്ടിയ കോൺസ്റ്റാസ് 65 പന്തിൽ ആറു ഫോറുകളും രണ്ടു സിക്സറുമുൾപ്പെടെ 60 റൺസെടുത്തു.
ഇതിനിടെയാണ് കോഹ്ലി പ്രകോപനപരമായി പെരുമാറിയത്. ഒരു ഓവർ പൂർത്തിയായതിനു ശേഷം ഇരുവരും നടന്നുപോകുന്നതിനിടെ കോഹ്ലി അനാവശ്യമായി കോൺസ്റ്റാസിന്റെ തോളിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടതോടെ സഹ ഓപ്പണർ ഉസ്മാൻ ഖവാജ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.