ഗുസ്തി ഫെഡറേഷന്‍ പിടിച്ചെടുത്ത് ബ്രിജ് ഭൂഷന്റെ വിശ്വസ്ഥർ; ഗുസ്തി അവസാനിപ്പിച്ച് ഒളിംപ്യൻ സാക്ഷി മാലിക്
ന്യൂഡല്‍ഹി: ഗുസ്തി അവസാനിപ്പിച്ച് ഒളിംപ്യൻ സാക്ഷി മാലിക്. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായി ബിജെപി നേതാവ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഗുസ്തി താരങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വൈകാരികമായി ഗുസ്തി അവസാനിപ്പിക്കുന്നുവെന്ന് സാക്ഷി പ്രഖ്യാപിച്ചത്.
താരങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് ഗുസ്തി താരം ബജ്രംഗ് പുനിയാ പറഞ്ഞു. ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അതിക്രമം നേരിട്ട വനിതാ താരങ്ങള്‍ കേന്ദ്ര കായിമന്ത്രിയെ നേരിട്ട് കണ്ട് പരാതി പറഞ്ഞതാണ്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ബജ്രംഗ് പുനിയ ചൂണ്ടിക്കാട്ടി.
2016ലെ റിയോ ഒളിംപിക്സിലെ വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്‌റ്റൈലിൽ ഇന്ത്യക്കായി വെങ്കലം നേടിയ താരമാണ് സാക്ഷി മാലിക്. ഒളിപിക്സ് ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ വനിതാ ഇന്ത്യൻ താരവും ഒളിമ്പിക്സ് മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതയുമാണ്. ദേശീയ ഗുസ്തി ഫെഡറേഷനെതിരെ ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിലെ മുന്നണിയിലും സാക്ഷി മാലിക് സജീവ സാന്നിധ്യമായിരുന്നു.