സ്നേഹം കൊണ്ട് സമൂഹത്തെ ചേർത്ത് നിർത്തി കൊറ്റംപള്ളിയിലെ "കാരണവർ കൂട്ടായ്മ"
കാട്ടാക്കട:ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊറ്റംപള്ളി ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച കാരണവർ കൂട്ടായ്മ ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവു കൊണ്ടും ശ്രദ്ധേയമായി.ബൂത്ത് പരിധിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്ക് സ്നേഹോപഹാരം സമ്മാനിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങ് സംഗമമായി . ബൂത്ത് പരിധിയിലെ നൂറോളം കോൺഗ്രസ് പ്രവർത്തകർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു. ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്ത ഈ കൂട്ടായ്മയിൽ കുറ്റംപള്ളി ബൂത്ത് പ്രസിഡന്റ് സതീഷ് കുമാർ അധ്യക്ഷൻ ആയിരുന്നു. വർഗീയവാദികളും കമ്മ്യൂണിസ്റ്റ് ഭരണകൂടവും ചേർന്ന് സൃഷ്ടിക്കുന്ന വെറുപ്പിന്റെ വിദ്വേഷ രാഷ്ട്രീയത്തിനിടയിൽ സ്നേഹംകൊണ്ട് ജനസമൂഹത്തെ ചേർത്തുനിർത്തുന്ന പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് അടൂർ പ്രകാശ് അഭിപ്രായപ്പെട്ടു. പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ സമരം ചെയ്തതിന് ജയിൽവാസം അനുഭവിച്ച യൂത്ത് കോൺഗ്രസ് മാറനല്ലൂർ മണ്ഡലം പ്രസിഡണ്ട് ജയേഷ് റോയിയെയും പ്രവാസി കോൺഗ്രസ് മാറനല്ലൂർ മണ്ഡലം പ്രസിഡണ്ടായി ചുമതലിക്കുന്ന കൊറ്റംപള്ളി മനു പ്രതാപിനെയും അടൂർ പ്രകാശ് പൊന്നാട അണിയിച്ച് ആദരിച്ചു. മലയിൻകീഴ് വേണുഗോപാൽ, എംആർ ബൈജു, സി വേണു, ജാഫർ ഖാൻ, ലിബു, പ്രിയങ്ക, കെ സുരേഷ് കുമാർ, രജിത്ത് എന്നിവർ സംസാരിച്ചു.