നെടുമങ്ങാട് എഞ്ചിനീയറിംഗ് കോളേജിനുള്ളിലെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹം: സംഭവത്തില്‍ കൂടുതല്‍ ദുരൂഹത
തിരുവനന്തപുരം: നെടുമങ്ങാട് - കരകുളം എഞ്ചിനീയറിംഗ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. മൃതദേഹം കോളേജ് ഉടമയുടേതെന്ന സംശയം ബലപ്പെടുന്നു. കോളേജ് ഉടമ മുഹമ്മദ് അസീസ് താഹയുടെ മൊബൈലില്‍ നിന്നും ഒരു കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സാമ്പത്തിക പ്രശ്‌നം ഉണ്ടെന്നും ആത്മഹത്യ ചെയ്യുമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. കുറിപ്പിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മൊബൈല്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
അതേ സമയം, മൃതദേഹം ആരുടേത് എന്നറിയാനായി പൊലീസ് ഡിഎന്‍എ പരിശോധന നടത്തും. ഡിഎന്‍എ പരിശോധനാഫലം ലഭിച്ചശേഷമാകും തുടര്‍ നടപടികള്‍ ഉണ്ടാവുക. കൂടുതല്‍ ദൃക്‌സാക്ഷികളുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. മരിച്ചത് കോളേജ് ഉടമ മുഹമ്മദ് അസീസ് താഹയാണെന്നാണ് പ്രഥമിക നിഗമനം. ഇയാളുടെ മൊബൈലും കണ്ണടയും ചെരുപ്പും സംഭവസ്ഥലത്തു നിന്നും പൊലീസിന് ലഭിച്ചിരുന്നു. പെട്രോള്‍ കൊണ്ടുവന്ന ക്യാനിന്റെ അടപ്പ് മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഫോണ്‍ ചാരി വെച്ച് ആത്മഹത്യ ചിത്രീകരിക്കാന്‍ ശ്രമം നടത്തിയതായി സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.
ഇന്നലെയാണ് പി എ അസീസ് എന്‍ജിനീയറിങ് കോളേജിലെ പണി നടക്കുന്ന ഹാളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാകാനാണ് സാധ്യതയെന്ന് മന്ത്രി ജി ആര്‍ അനില്‍ ഇന്നലെ അറിയിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കടബാധ്യതയുള്ളതായി ഉടമ തന്നോട് പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. കടബാധ്യതയെക്കുറിച്ച് പറഞ്ഞപ്പോള്‍ കോളേജ് സന്ദര്‍ശിക്കാം എന്ന് മറുപടി നല്‍കി. വയനാട് തിരഞ്ഞെടുപ്പും മറ്റ് തിരക്കുകളും കാരണം എത്താനായില്ല എന്നും മന്ത്രി ഇന്നലെ അറിയിച്ചിരുന്നു