ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍ക്ക് 13ന് അവധി
മലപ്പുറം: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍ക്ക് അവധി. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ഈ മണ്ഡലങ്ങളില്‍ അന്ന് അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണം. ഇത് കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും
വയനാട്ടിലും ചേലക്കരയിലും 13നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കല്‍പ്പാത്തി രഥോല്‍സവം പരിഗണിച്ച് പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് തീയതി നവംബര്‍ 20ലേക്ക് മാറ്റി. വയനാട് മണ്ഡലത്തില്‍ ജനവിധി തേടുന്ന 16ല്‍ 11 പേരും ഇതര സംസ്ഥാനക്കാരാണ്. വയനാട് മണ്ഡല പരിധിയില്‍ നിന്നുള്ള ഏക സ്ഥാനാര്‍ഥി ആര്‍. രാജന്‍ മാത്രമാണ്. റായ്ബറേലി, വയനാട് ലോക്‌സഭ മണ്ഡലങ്ങളില്‍ മത്സരിച്ച രാഹുല്‍ ഗാന്ധി രണ്ടു സ്ഥലത്തും ജയിച്ചതിനെതുടര്‍ന്ന് വയനാട്ടില്‍നിന്ന് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.