കാലിക്കറ്റ് സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്;
ഗവർണറുടെ ഉത്തരവ് വൈകും
തിരുവനന്തപുരം: കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് തുടരുന്നത് സംബന്ധിച്ചുള്ള ഗവർണറുടെ അന്തിമ തീരുമാനം വൈകും. തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത ഗവർണറുടെ നടപടിയെ തുടർന്ന് സർവ്വകലാശാലയുടെയും പരാതിക്കാരുടെയും ഹിയറിങ് ഗവർണർ നടത്തിയിരുന്നു. എന്നാൽ അന്തിമ തീരുമാനം വൈകാനാണ് സാധ്യത. സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്ത അധ്യാപകർക്ക് സിൻഡിക്കേറ്റിലെ അധ്യാപക മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശം ഉണ്ടെന്നാണ് പരാതിക്കാരുടെ വാദം. ഡോ. പി.രവീന്ദ്രൻ, ഡോ. എം.ഡി വാസുദേവൻ എന്നിവരുടെ പത്രികകളാണ് റിട്ടേണിങ്ങ് ഓഫീസറായ രജിസ്ട്രാർ തള്ളിയത്. ഡോ. വാസുദേവൻ വകുപ്പ് മേധാവി എന്ന നിലയിലും ഡോ. രവീന്ദ്രൻ ഗവേഷണ സ്ഥാപനത്തിന്റെ പ്രതിനിധി എന്ന നിലയിലുമാണ് സെനറ്റിലേക്ക് നാമനിദ്ദേശം ചെയ്യപ്പെട്ടത്.
സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തതിനെതിരെ സിപിഎം സെനറ്റ് അംഗം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഗവർണർക്ക് ഹിയറിങ് നടത്തി തീരുമാനം കൊള്ളാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ കഴിഞ്ഞ ദിവസം ഹിയറിങ് നടത്തിയത്. ഇക്കാര്യത്തിൽ വിശദമായ നിയമോദേശം ലഭിച്ച ശേഷം മാത്രമേ ഗവർണർ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ. നിർത്തിവച്ച സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് നീളാനാണ് സാധ്യത.ഗവർണർ മാർച്ച് 25ന് തലസ്ഥാനത്ത് മടങ്ങിയെത്തും.