പ്രായപൂർത്തിയായ വ്യക്തികൾ ആരുടെ കൂടെ കഴിയണം എന്ന് ഉത്തരവിടാൻ കഴിയില്ല: മദ്രാസ് ഹൈക്കോടതി
ചെന്നൈ: നിയമ വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തിടത്തോളം പ്രായപൂർത്തിയായ വ്യക്തികൾ ആരുടെ കൂടെ കഴിയണം എന്ന് ഉത്തരവിടാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. സ്വന്തം മകളെ സ്വാധീനിക്കാൻ അമ്മയ്ക്കു കഴിയുന്നില്ലെങ്കിൽ കോടതിക്ക് എങ്ങനെ കഴിയുമെന്ന് ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യനും ജസ്റ്റിസ് വി ശിവജ്ഞാനവുമടങ്ങുന്ന ബെഞ്ച് ചോദിച്ചു.
കള്ളക്കുറിച്ചി അതിപ്പാക്കം സ്വദേശിയായ എ വാനതു നച്ചത്തിരം നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ മകൾ ആരോഗ്യ അനിത (35) കന്യാസ്ത്രീയാകാൻ തീരുമാനിക്കുകയും മഠത്തിൽനിന്നു കൊണ്ടുതന്നെ അധ്യാപികയായി ജോലിനോക്കുകയും ചെയ്യുകയായിരുന്നെന്ന് ഹർജിയിൽ പറയുന്നു. അതിനിടെ ശിവദിനകരൻ എന്ന രാഷ്ട്രീയ നേതാവ് മകളെ വശീകരിക്കുകയും വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. വിവാഹിതനായ ഇയാൾ മകളെ ബന്ദിയാക്കിവെച്ചിരിക്കുകയാണെന്നും മകളെ വിട്ടുകിട്ടണം എന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
എന്നാൽ, കോടതിയിൽ ഹാജരായ ആരോഗ്യ അനിത ഇതെല്ലാം നിഷേധിച്ചു. ശിവദിനകരനെതിരേ ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് അവർ പറഞ്ഞു. അമ്മ തന്നെ നിരന്തരം പിന്തുടരുകയാണെന്നും കൊല്ലാൻപോലും ശ്രമിച്ചെന്നും അവർ പറഞ്ഞു. അമ്മയുടെ മനോവിഷമം മനസ്സിലാക്കാനാവുമെങ്കിലും മുതിർന്ന ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടരുതെന്ന നിർദേശത്തോടെ ഹേബിയസ് കോർപ്പസ് ഹർജി കോടതി തള്ളി.