മാസങ്ങളായി വെള്ളമില്ലാതെ തലസ്ഥാനം; ആറ് ദിവസം തുടര്‍ച്ചയായി വിതരണം മുടങ്ങി
തിരുവനന്തപുരം: തലസ്ഥാനം വീണ്ടും കുടിവെള്ള പ്രതിസന്ധിയിൽ. വഞ്ചിയൂര്‍ 82ാം വാര്‍ഡിലാണ് തുടര്‍ച്ചയായി ആറ് ദിവസമായി ജല വിതരണം തടസ്സപ്പെട്ടത്. ഋഷിമംഗലം റസിഡന്‍സ് അസോസിയേഷനിലാണ് പ്രതിസന്ധി, വെള്ളം ലഭിക്കുന്നില്ലായെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു. വാട്ടര്‍ അതോറിറ്റിയെ അറിയിച്ചിട്ടും പരിഹാരമില്ലെന്ന് അസോസിയേഷന്‍ പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന പി-രതിസന്ധിയ്ക്ക് ശേഷം വെള്ളം ലഭ്യമായെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നു.
ജല അതോറിറ്റിയെ പ്രശ്‌നം അറിയിച്ച് വിളിച്ചിരുന്നെങ്കിലും യാതൊരു പ്രതികരണവുമില്ലെന്ന് അസോസിയേഷനിലെ താമസക്കാര്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റിയും ജല വകുപ്പും പരസ്പരം പഴിചാരുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. വെള്ളയമ്പലം ടാങ്ക് ക്ലീന്‍ ചെയ്യാനായിട്ട് നാല് ദിവസം വെള്ളമുണ്ടാകില്ലെന്ന് അറിയിച്ചതിന് ശേഷം ഇതുവരെ വെള്ളം വന്നിട്ടില്ല. ഇക്കാര്യം അസിസ്റ്റന്റ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ചീഫ് എഞ്ചിനീയര്‍, കൗണ്‍സിലര്‍ എന്നിവരോട് സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയെയും ജല വകുപ്പ് മന്ത്രിയെയും ഇമെയില്‍ മുഖാന്തരം പ്രശ്നം അറിയിച്ചെങ്കിലും മറുപടിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.