യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയിൽ
കൊല്ലം : കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. പുലര്‍ച്ചെയോടെയാണ് പ്രതിയായ മൈനാഗപ്പള്ളി സ്വദേശി അജ്മല്‍ പിടിയിലായത്. പ്രതിയും കൂടെ ഉണ്ടായിക്കുന്ന യുവ വനിതാ ഡോക്ടറും മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന. കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രികരെ കാറിടിച്ച ശേഷം അജ്മല്‍ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. അജ്മലിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സുഹൃത്തായ വനിതാ ഡോക്ടറില്‍ നിന്നാണ് ലഭിച്ചത്. കാറിനെയും വനിതാ സുഹൃത്തിനെയും ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ അജ്മല്‍ ഒളിവില്‍ പോകുകയായിരുന്നു.
മൊബൈല്‍ ഓഫ് ആയതിനാല്‍ കഴിഞ്ഞ ദിവസം അജ്മലിന്റെ ലൊക്കേഷന്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അജ്മലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ക്യാഷ്യലിറ്റിയിൽ വച്ചാണ് യുവ ഡോക്ടറെ അജ്മൽ പരിചയപ്പെടുന്നത്. പിന്നീട് പരിചയം തുടരുകയും തൻ്റെ സ്വർണാഭരങ്ങൾ ഉൾപ്പെടെ അജ്മൽ കൈവശപ്പെടുത്തിയെന്ന് ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കാറോടിച്ച കരുനാഗപ്പള്ളി സ്വദേശിയായ അജ്മലിനെ ഇന്നാണ് പിടികൂടിയത്. ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്.
അജ്മലിന് ലഹരി വസ്തു വിറ്റതിന് നേരെത്തെയും കേസുണ്ട്.
അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് (45) മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റിട്ടുണ്ട്