ഭാര്യയുടെ പ്രസവം ചിത്രീകരിച്ച് യൂട്യൂബിലിട്ടു: തമിഴ് യൂട്യൂബര്‍ ഇര്‍ഫാനെതിരെ കേസ്
ചെന്നൈ: തനിക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ജെന്‍ഡര്‍ വെളിപ്പെടുത്തി ദുബൈയില്‍ 'ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടി' നടത്തി വിവാദത്തിലായ പ്രമുഖ തമിഴ് യൂട്യൂബര്‍ ഇര്‍ഫാനെ നിയമക്കുരുക്കിലാക്കി മറ്റൊരു വിവാദവും. ഇത്തവണ ഭാര്യയുടെ പ്രസവം ചിത്രീകരിക്കുകയും കുഞ്ഞിന്റെ പൊക്കിള്‍ കൊടി യൂട്യൂബര്‍ തന്നെ കത്രിക കൊണ്ട് മുറിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തുവിട്ടത്.
ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ ആന്‍ഡ് റൂറല്‍ ഹെല്‍ത്ത് സര്‍വീസസ് (ഡി.എം.എസ്) ഇര്‍ഫാനും പ്രസവം നടന്ന ഷോളിംനല്ലൂരിലെ സ്വകാര്യ ആശുപത്രിക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പിന്നാലെ വിവാദത്തില്‍പ്പെട്ട വിഡിയോകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നെങ്കിലും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം കേസെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. കൃത്യമായി പരിശീലനം ലഭിച്ചവര്‍ മാത്രം ചെയ്യുന്ന പൊക്കിള്‍ക്കൊടി മുറിക്കല്‍ ഇദ്ദേഹത്തെ കൊണ്ട് ചെയ്യിച്ച ആശുപത്രി അധികൃതര്‍ കാണിച്ചത് തികഞ്ഞ അനാസ്തയാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ മേഖലയിലുള്ളവര്‍ തന്നെ രംഗത്തെത്തിയിരുന്നു.
ജൂലൈ 24നായിരുന്നു ഭാര്യയുടെ പ്രസവം. കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ യൂട്യൂബ് ചാനലിലൂടെ വിഡിയോ പുറത്തുവിടുന്നത്. ഇര്‍ഫാന്‍ ഭാര്യയോട് സംസാരിക്കുന്നതും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും ശസ്ത്രക്രിയയ്ക്ക് തയാറെടുക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളുണ്ടായിരുന്നു. അതുപോലെ, പ്രസവ സമയത്ത് ഓപ്പറേഷന്‍ തിയേറ്ററില്‍ കയറിയ യൂട്യൂബര്‍ക്ക് ഒരു ഡോക്ടര്‍ ഒരു ജോടി കത്രിക എടുത്ത് ഇര്‍ഫാന്റെ കൈയില്‍ നല്‍കുന്നതും അത് ഉപയോഗിച്ച് പൊക്കിള്‍ കൊടി മുറിച്ച് മാറ്റുന്നതും വീഡിയോയില്‍ കാണാം. രണ്ട് ദിവസം കൊണ്ട് 14 ലക്ഷം പേരാണ് വിഡിയോ കണ്ടത്.
തമിഴ്നാട് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ആശുപത്രിക്കെതിരെ നടപടിയുണ്ടായേക്കും. വിദേശത്ത് നടത്തിയ പ്രെനറ്റല്‍ ടെസ്റ്റിന് ശേഷം ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ലിംഗം വെളിപ്പെടുത്തി ഇര്‍ഫാന്‍ നേരത്തെ വിവാദത്തില്‍ പെട്ടിരുന്നു.