വനിതാ പ്രവർത്തകരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്
കൊല്ലം: സാമൂഹിക മാധ്യമത്തിലൂടെ പാർട്ടിയിലെ വനിതാനേതാക്കളുടെയും വനിതാപ്രവർത്തകരുടെയും മോർഫ് ചെയ്ത അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ചതായി പരാതി. അപമാനത്തിനിരയായ സിപിഎം വനിതാനേതാവ് ഉൾപ്പെടെ മൂന്നുപേരാണ് സൈബർക്രൈം പൊലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ജില്ലാ ഭാരവാഹിയും ഡിവൈഎഫ്ഐ കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അൻവർഷായുടെപേരിൽ കൊല്ലം റൂറൽ സൈബർക്രൈം പൊലീസ് കേസെടുത്തു.
മുതിർന്ന വനിതാനേതാക്കളുടെയും പാർട്ടി പ്രവർത്തകരായ പെൺകുട്ടികളുടെയും ചിത്രങ്ങൾ അശ്ലീലച്ചുവയുള്ള അടിക്കുറിപ്പോടെ
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പരാതി. സിപിഎം നേതാക്കൾ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞതോടെ അൻവർഷായെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പരാതിയിന്മേൽ കേസെടുത്ത് അന്വേഷണം നടക്കുന്നതായും ഐ ടി ആക്ട് അനുസരിച്ച് ആവശ്യമായ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും കൊല്ലം റൂറൽ സൈബർക്രൈം പൊലീസ് സി ഐ രതീഷ് അറിയിച്ചു.