കൈവെട്ട് കേസ്; ഒന്നാം പ്രതി സവാദിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു
കൊച്ചി: പ്രഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ (38) എൻഐഎ കസ്റ്റഡിയിൽ വിട്ടു. എട്ട്ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 27 വരെയാണ് കസ്റ്റഡി. അതേസമയം പത്ത് ദിവസത്തെ കസ്റ്റഡിയാണ് എൻഐഎ ആവശ്യപ്പെട്ടത്. സവാദ് കഴിഞ്ഞ പതിമൂന്ന് വർഷമായി ഒളിവിലായിരുന്നു. ഇയാൾ പലയിടത്തും താമസിച്ചിരുന്നു. ഈ വിവരങ്ങൾ എല്ലാം അറിയാൻ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം എറണാകുളം സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ പ്രതി സവാദിനെ പ്രഫ. ടി.ജെ. ജോസഫ് തിരിച്ചറിഞ്ഞിരുന്നു. മരപ്പണിക്കാരനായി കഴിയുകയായിരുന്ന പ്രതിയെ കഴിഞ്ഞയാഴ്ച മട്ടന്നൂരിലെ വാടകവീട്ടില്നിന്നാണു എൻഐഎ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.