ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: സി.ബി.ഐ റിപ്പോര്‍ട്ട് ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും
ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് വ്യാഴാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ചൊവ്വാഴ്ച കേസ് സ്വന്തമായി പരിഗണിച്ച് വാദം കേട്ടിരുന്നു. പി.ജി വിദ്യാര്‍ഥിനിയായ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് രാജ്യവ്യാപക പ്രതിഷേധത്തിനും ചര്‍ച്ചക്കും കാരണമായിട്ടുണ്ട്.
ചൊവ്വാഴ്ചത്തെ വാദത്തില്‍ കേസ് കൈകാര്യം ചെയ്യുന്നതിലെ വിവിധ വീഴ്ചകള്‍ക്കും ആശുപത്രിയിലെ ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതിനും ബംഗാള്‍ സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആശുപത്രിയിലുണ്ടായ നാശനഷ്ടം സംബന്ധിച്ച് ബംഗാള്‍ സര്‍ക്കാരും വ്യാഴാഴ്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എഫ്.ഐ.ആര്‍ വൈകിയതിന് ആശുപത്രി അധികൃതരെയും ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെയും സുപ്രീം കോടതി താക്കീത് ചെയ്തിരുന്നു.
ഇരയുടെ പേരും ചിത്രങ്ങളും മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കടുത്ത ആശങ്കയും അതൃപ്തിയും രേഖപ്പെടുത്തി. വനിതാ ഡോക്ടര്‍മാരുടെ സുരക്ഷ രാജ്യതാത്പര്യമാണെന്നും അതില്ലാതെ തുല്യത എന്ന തത്വമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.