എസ്‌എഫ്ഐക്കാരെ ചേർത്ത് പിടിക്കുന്ന സർക്കാർ; യൂത്ത് കോൺഗ്രസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസുകളെടുക്കുന്നു; വി.ഡി സതീശൻ
കൊച്ചി: എറണാകുളത്ത് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പോലീസിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിഷേധങ്ങളിൽ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷനേതാവ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയത്. എന്നാൽ മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഒരേ രീതിയിലുളള എഫ്ഐആർ ആണ് എഴുതിയിട്ടുളളത്. കേരളത്തിൽ രണ്ട് നീതിയാണ് നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉളളതെന്നും വി. ഡി സതീശൻ വിമർശിച്ചു.യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തിയത് സിപിഎം അറിവോടെയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. ഏരിയ സെക്രട്ടറി ആണോ ഇത് തീരുമാനിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം കേസുകൾ നിയന്ത്രിക്കുന്നു. ആ ഉപജാപക സംഘമാണ് ഈ കേസുകളൊക്കെ നിയന്ത്രിക്കുന്നത്. കൊച്ചി പോലീസ് കമ്മീഷണറെ കസേരയിൽ നിന്ന് മാറ്റി ഏരിയ സെക്രട്ടറിയെ ഇരുത്തിയാൽ മതി. ഏത് വകുപ്പിടണമെന്ന് തീരുമാനിക്കുന്നത് ഏരിയ സെക്രട്ടറി അല്ലെ. എത്ര പരിതാപകരമായ അവസ്ഥയാണിതെന്നും വി ഡി സതീശൻ പറഞ്ഞു.