ജാതി വിവേചനവും അവഗണനയും;വയനാട്ടില്‍ ആദിവാസി സംഘടനാ നേതാവ് സിപിഎം വിട്ടു
കല്‍പ്പറ്റ: വയനാട്ടിലെ സി പി എം പാര്‍ട്ടിയുടെ ആദിവാസി സംഘടനാ നേതാവ് ബിജു കാക്കത്തോട് പാര്‍ട്ടി വിട്ടു. സി പി എം ജില്ലാ നേതാക്കള്‍ അടക്കമുള്ളവരുടെ കടുത്ത ജാതി വിവേചനത്തിലും, പൊതുവേദിയില്‍ ഏര്‍പ്പെടുത്തുന്ന വിലക്കിലും, അവഗണനയിലും മനംനൊന്താണ് പാര്‍ട്ടി വിടുന്നതെന്ന് ബിജു പറഞ്ഞു. ആദിവാസി ക്ഷേമ സമിതി (എ കെ എസ്) വയനാട് ജില്ലാ കമ്മിറ്റിയംഗവും, സുല്‍ത്താന്‍ ബത്തേരി ഏരിയ പ്രസിഡന്റും, സി പി എം മൂലങ്കാവ് ഉളത്തൂര്‍ക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയംഗവുമാണ് നിലവില്‍ ബിജു.
ആദിവാസി വിഭാഗത്തിനുള്ള അവകാശങ്ങള്‍ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പാര്‍ട്ടിയില്‍ ചേര്‍ന്ന തനിക്ക് പിന്നാക്കക്കാരന്‍ എന്ന നിലയില്‍ കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൊതുയോഗത്തില്‍വെച്ചായിരുന്നു പാര്‍ട്ടിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായ ശ്രീമതി ടീച്ചറും, പാര്‍ട്ടി സെക്രട്ടറിയംഗങ്ങളും തനിക്ക് പാര്‍ട്ടി പ്രവര്‍ത്തനത്തിനായി കൂടുതല്‍ പദവികള്‍ നല്‍കുമെന്ന് അന്ന് അറിയിക്കുക ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സി പി എമ്മിന്റെയും, ഡി വൈ എഫ് ഐയുടെയും ജില്ലാ കമ്മിറ്റി മുതലുള്ള ഘടകങ്ങള്‍ തന്നെ പാര്‍ട്ടി വേദികളില്‍ നിന്നും വിലക്കേര്‍പ്പെടുത്തുകയായിരുന്നുവെന്ന് ബിജു പറഞ്ഞു.
കഴിഞ്ഞ മൂന്നര വര്‍ഷക്കാലം സി പി എമ്മില്‍ കടുത്ത ജാതി വിവേചനമാണ് താന്‍ നേരിട്ടത്. ആദിവാസി വിഭാഗത്തിനായി സംസാരിക്കാനുള്ള അവസരം പാര്‍ട്ടി വേദികളില്‍ ലഭിക്കില്ല. എ കെ എസ് അടക്കമുള്ള പിന്നാക്ക വിഭാഗ സംഘടനകള്‍ക്ക് സി പി എമ്മില്‍ അഭിപ്രായ സ്വാതന്ത്ര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.2021 മാര്‍ച്ച് 21ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വെച്ച് പിണറായി വിജയനില്‍ നിന്നും അംഗത്വം സ്വീകരിച്ച ശേഷം പാര്‍ട്ടി നേതാക്കളുടെ ഭാഗത്തു നിന്നും കടുത്ത അവഗണനയാണ് നേരിട്ടത്. സി പി എമ്മിന്റെ ലോക്കല്‍-ഏരിയ കമ്മിറ്റികളില്‍ പരിഗണന ലഭിച്ചില്ലെന്ന് മാത്രമല്ല, ആദിവാസി സമൂഹത്തെയും, പണിയ സമുദായത്തെയും കുറിച്ച് സംസാരിക്കുന്നതിന് പോലും വിലക്കേര്‍പ്പെടുത്തുകയുണ്ടായി.
എ കെ എസ് നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ അഭിപ്രായം പറയുന്നതിനോ, വിമര്‍ശനം ഉന്നയിക്കുന്നതിനോ സ്വാതന്ത്ര്യമില്ല. വിമര്‍ശനം ഉന്നയിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപമാണ് പാര്‍ട്ടി നേതൃത്വത്തിന്റേത്. ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടി പറഞ്ഞതാണ് തനിക്ക് പാര്‍ട്ടിയിലെ വിലക്കിന് കാരണമായത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഈ ഘട്ടത്തില്‍ സമ്മേളന വേദികളില്‍ എത്ര സാധാരണക്കാര്‍ പങ്കെടുക്കുന്നുവെന്ന് പരിശോധിക്കണമെന്നും, പാര്‍ട്ടിയില്‍ നിന്നും സാധാരണക്കാര്‍ അകന്നു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. എ കെ എസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി കുടില്‍ക്കെട്ടി ഭൂസമരങ്ങള്‍ നടത്തുന്നുണ്ട്. എന്തുകൊണ്ട് രണ്ടാം തവണ ഭരണത്തിലേറിയിട്ടും സി പി എമ്മിന് ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുന്നില്ല. എ കെ എസ് സംസ്ഥാന പ്രസിഡന്റായ ഒ ആര്‍ കേളുവാണ് വകുപ്പുമന്ത്രി. അദ്ദേഹം വിചാരിച്ചാല്‍ ആദിവാസികളുടെ ഭൂമി പ്രശ്നം പരിഹരിക്കാന്‍ കഴിയുകയില്ലേയെന്ന് ബിജു ചോദിച്ചു. അദ്ദേഹത്തിന് ആഗ്രഹമുണ്ടെങ്കിലും അതിന് പാര്‍ട്ടി സമ്മതിക്കില്ലെന്ന് ബിജു കുറ്റപ്പെടുത്തി.
ആദിവാസി വിഭാഗങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി സമുദായങ്ങളിലെ എത്ര ആളുകളെ പാര്‍ട്ടി പരിഗണിച്ചിട്ടുണ്ട്. തന്നോടൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് വേദികളില്‍ മുന്തിയ പരിഗണന നല്‍കുമ്പോഴും, വേദികളിലേക്ക് ആനയിക്കുമ്പോഴും സദസിലിരുത്തി തന്നോട് ജാതിവിവേചനം കാണിക്കുകയാണ്. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ വാഗ്ദാനം നല്‍കിയായിരുന്നു സി കെ ജാനുവിനെ സി പി എം പാര്‍ട്ടിയിലെടുത്തത്. ശബരിമല വിഷയം വന്ന സമയം സി കെ ജാനുവിനെ കൂട്ടുപിടിച്ച് വനിതാ മതിലില്‍ അണിനിരത്തി. എന്നാല്‍ പിന്നീട് സി പി എമ്മില്‍ യാതൊരു പരിഗണനയും ലഭിക്കാതെ വന്നപ്പോഴാണ് എന്‍ ഡി എ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ആദിവാസി വിഭാഗങ്ങള്‍ക്കായി പറയുന്നതാണ് തന്നെ പാര്‍ട്ടിയില്‍ വേദിയില്‍ നിന്നും വിലക്കിന് കാരണമെന്നും, വരും ദിവസങ്ങളില്‍ തനിക്കെതിരെ സി പി എം വിവിധ ആരോപണങ്ങളുമായി രംഗത്തെത്തുമെന്നും ബിജു പറഞ്ഞു.