Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സിദ്ധാർഥന്റെ കൊലപാതകം സിബി ഐ അന്വഷിക്കണം: രാഹുൽഗാന്ധി; മുഖ്യമന്ത്രിക്ക് കത്ത് നൽകി

06:33 PM Mar 06, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ എസ് സിദ്ധാർഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി എം പി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. ദിവസങ്ങളോളം മർദ്ദനത്തിനിരയായ സിദ്ധാർഥന്റെ ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. എസ് എഫ് ഐയുടെ സജീവ പ്രവർത്തകരാണ് അക്രമികൾ. കേരളത്തിലെ ക്യാംപസിൽ ഇത്തരത്തിലൊരു സംഭവം നടക്കുന്നുവെന്നത് ഖേദകരമാണ്. തങ്ങൾക്കെതിരായ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ആസൂത്രിത ശ്രമങ്ങൾ  ചില സംഘടനകളെ അക്രമാസക്തരായ ആൾക്കൂട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി.
ശോഭനമായ ഒരു ഭാവിയുള്ള വിദ്യാർഥിയായിരുന്നു സിദ്ധാർഥൻ. ആ കുട്ടിയുടെ മാതാപിതാക്കളായ ജയപ്രകാശിനും, ഷീബക്കും നീതി കിട്ടണം. ഒരു മകന്റെ ജീവിതം ഇതുപോലെ ഇല്ലാതാകുന്നത് കാണുന്നതിന്റെ ആഘാതവും വേദനയും കൊണ്ട് ഒരു രക്ഷിതാവിനും ഇനി ജീവിക്കേണ്ടി വരരുത്. വിദ്യാർഥികളെ സംരക്ഷിക്കാൻ ചുമതലയുള്ള ഒരു സ്ഥാപനത്തിന്റെ പരാജയം കൂടിയാണ് ഇവിടെ കാണാനാവുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം അവരെ സംരക്ഷിക്കാൻ സർവ്വകലാശാല അധികൃതരും, നിയമപാലകരും ശ്രമിച്ചതായി ശ്രദ്ധയിൽപ്പെട്ടുവെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
കേസ് മൂടി വെക്കാനും, പ്രതികളെ രക്ഷപ്പെടുത്താനുമുള്ള ഈ നീക്കത്തെ അപലപിക്കുന്നു. വ്യാപകമായ ജനരോക്ഷത്തിന് ശേഷം മാത്രമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് എന്നതിനാൽ തന്നെ അന്വഷണത്തിലുള്ള വിശ്വാസത്തെ ഇല്ലാതാക്കിയിട്ടുണ്ട്. പൊലീസ് റിമാന്റ്‌ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിന്റെ കാര്യത്തിലും സംശയങ്ങളുണ്ട്. ഈ സാഹചര്യത്തിൽ നിഷ്പക്ഷമായി പ്രവർത്തിക്കാനുള്ള ധാർമ്മികമായ കടമ സർക്കാരിനുണ്ട്. അതുകൊണ്ട് തന്നെ സിദ്ധാർഥന്റെ മരണത്തിൽ സി ബി ഐ അന്വഷണം ആവശ്യമാണെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.

Advertisement

Tags :
featuredkerala
Advertisement
Next Article