സ്കൂളിൽ 'ഓൾ പാസ്' വേണ്ടെന്ന് കേന്ദ്രം; അനുസരിക്കാതെ കേരളം
തിരുവനന്തപുരം: മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിക്കരുതെന്ന കേന്ദ്ര നിർദേശം പാലിക്കാതെ കേരളം. അഞ്ചാം ക്ലാസ്, എട്ടാം ക്ലാസ് പരീക്ഷകളിലെ മാർക്കിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ വിദ്യാർഥികളെ ഉന്നത ക്ലാസുകളിലേക്ക് പാസാക്കാവൂ എന്നായിരുന്നു നിർദേശം. 19 സംസ്ഥാനങ്ങൾ ഇത് നടപ്പാക്കിയെങ്കിലും കേരളം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
എട്ടാം ക്ലാസ് കുട്ടികളെ തോല്‍പ്പിക്കരുതെന്നായിരുന്നു 2009- ല്‍ വിദ്യാഭ്യാസ അവകാശനിയമം അനുശാസിച്ച നിർദേശം. എന്നാൽ ഈ വ്യവസ്ഥ 2019-ല്‍ പാർലമെന്റ് ഭേദഗതി വരുത്തി. വിദ്യാർഥികളുടെ വിജ്ഞാനശേഷി നോക്കാതെ പാസാക്കി വിടുന്നത് പഠനനിലവാരത്തെ ബാധിക്കുമെന്നായിരുന്നു വിലയിരുത്തല്‍.
അതനുസരിച്ച്, ഒട്ടേറെ സംസ്ഥാനങ്ങള്‍ 'ഓള്‍ പാസ്' നിർത്തലാക്കി. അഞ്ചിലും എട്ടിലും അർധവാർഷിക പരീക്ഷയില്‍ 25 ശതമാനവും വാർഷികപ്പരീക്ഷയില്‍ 33 ശതമാനവും മാർക്കില്ലെങ്കില്‍ കുട്ടികളെ പാസാക്കില്ല. അതെസമയം മാർക്കില്ലാത്തവർക്ക് ഒരവസരംകൂടി നല്‍കാൻ പ്രത്യേക പരീക്ഷ നടത്തും. എല്ലാവരെയും പാസാക്കിവിടുന്ന രീതിക്കെതിരേ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് രംഗത്തു വന്നിരുന്നു.