For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കേന്ദ്ര ബജറ്റ് - ആദായ നികുതി പരിധി ഉയര്‍ത്തണം: ചവറ ജയകുമാര്‍

03:34 PM Feb 02, 2024 IST | Online Desk
കേന്ദ്ര ബജറ്റ്   ആദായ നികുതി പരിധി ഉയര്‍ത്തണം  ചവറ ജയകുമാര്‍
Advertisement

കേന്ദ്ര ഗവണ്‍മെന്റ് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്താത്തത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും പരിധി ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകണമെന്നും സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ ആവശ്യപ്പെട്ടു.ഇന്ത്യയിലെ ആദായ നികുതി ദായകരില്‍ 90 ശതമാനവും കേന്ദ്ര - സംസ്ഥാന ജീവനക്കാരാണ്. ഏകദേശം എട്ടു കോടിയോളം പേരാണ് ഇത്തരത്തില്‍ കൃത്യമായി നികുതി നല്‍കുന്നത്.പ്രത്യക്ഷ നികുതി വരുമാനം സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണെങ്കിലും കാലാകാലങ്ങളില്‍ ജീവിത ചെലവിനും വില ക്കയറ്റത്തിനും അനുപാതികമായി അതിന്റെ പരിധി ഉയര്‍ത്താറുണ്ട്.എന്നാല്‍ കേന്ദ്ര ബജറ്റ് ഇന്ത്യയിലെ നിലവിലുള്ള ജീവിത സാഹചര്യങ്ങളെ പരിഗണിക്കുന്നതിനും അതിനാനുപാതികമായി നികുതി ഘടനയില്‍ മാറ്റം വരുത്തുന്നതിനും തയ്യാറായിട്ടില്ല.

Advertisement

ആദായ നികുതി കണക്കാക്കുന്നതിന് രണ്ട് രീതിയാണ് ഗവണ്‍മെന്റ് നല്‍കിയിട്ടുള്ളത്.
പഴയ രീതിയില്‍ രണ്ടര ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി കൊടുക്കേണ്ടതില്ല. രണ്ടര ലക്ഷം മുതല്‍ 5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് അഞ്ചു ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
5 ലക്ഷത്തിന് മുകളില്‍ 10 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 20 ശതമാനമാണ് നികുതി. വരുമാനം പത്ത് ലക്ഷത്തിനു മുകളില്‍ ആയാല്‍ 30% നികുതി കൊടുക്കേണ്ടി വരും.

പഴയ സ്‌കീമില്‍ 80 ഇ പ്രകാരമുള്ള ഒന്നര ലക്ഷം രൂപയുടെ ആനുകൂല്യമാണ് അനുവദിച്ചിട്ടുള്ളത്.
അതായത് നികുതി നിയമത്തിന്റെ മറ്റു വകുപ്പുകള്‍ പ്രകാരമുള്ള ഡിഡക്ഷനുകളും അനുവദനീയമാണ്. എന്നാല്‍ ഉയര്‍ന്ന നികുതി നിരക്ക് ഈ വിഭാഗത്തില്‍ ഉള്ള ജീവനക്കാര്‍ക്ക് തിരിച്ചടിയാവുകയാണ്.കേന്ദ്രസര്‍ക്കാര്‍ പുതുതായി ആവിഷ്‌കരിച്ച ന്യൂ റജിം പ്രകാരം 7 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടതില്ല. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനായി 50,000 രൂപ യുടെ ആനുകൂല്യമുണ്ട്. എന്നാല്‍ മറ്റ് യാതൊരുവിധ ആനുകൂല്യവും ഈ സ്‌കീമില്‍ അനുവദിച്ചിട്ടില്ല.രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് ദീര്‍ഘകാല നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് ആദായ നികുതി ഇനത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നത്.ഭാരതത്തില്‍ തൊഴില്‍ എടുക്കുന്ന മധ്യവര്‍ഗ സമൂഹത്തില്‍ നിന്ന് മാത്രമാണ് ആദായനികുതി സര്‍ക്കാരിന് കൃത്യമായി പിരിച്ചെടുക്കാന്‍ സാധിക്കുന്നത്.

അസംഘടിത മേഖലയിലെ ഉയര്‍ന്ന വരുമാനമുള്ള വരെ ആദായ നികുതി ദായകരാക്കാന്‍ ഗവണ്‍മെന്റിന് ഇതേവരെ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടുന്ന മേഖല വളരെ വലിയ തുകയാണ് ആദായനികുതി ഇനത്തില്‍ നല്‍കുന്നത്. കലാകാലങ്ങളില്‍ ഉണ്ടാകുന്ന വിലക്കയറ്റമോ ഉയര്‍ന്ന ജീവിത ചെലവോ കണക്കിലെടുത്ത് ആദായനികുതിയില്‍ കാലാനുസൃതമായ പരിഷ്‌കരണങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

നിശ്ചിത വരുമാനക്കാരായ ജീവനക്കാരെ ആദായനികുതിയുടെ പേരില്‍ പിഴിഞ്ഞെടുക്കുന്ന നടപടി തികച്ചും ജനാധിപത്യവിരുദ്ധമാണ്.കേരളത്തിലെ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ശമ്പള പരിഷ്‌കരണ കുടിശ്ശികയും ക്ഷാമബത്ത യും ലഭിക്കാത്ത സാഹചര്യത്തില്‍ ആദായ നികുതി ഇനത്തിലെ ചെലവ് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണ്.കോര്‍പ്പറേറ്റുകള്‍ക്ക് നിരന്തരം ഇളവുകള്‍ നല്‍കി അവരെ പ്രീണിപ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.മധ്യവര്‍ഗ്ഗ സമൂഹത്തിനെ സാമ്പത്തിക തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന ഇത്തരം നടപടികള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Author Image

Online Desk

View all posts

Advertisement

.