കാർഷിക സർവകലാശാലയിലെ സ്റ്റാർട്ടപ്പുകൾക്ക് അഞ്ച് കോടി രൂപയുടെ കേന്ദ്രധനസഹായം
കേരള കാർഷിക സർവകലാശാല രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY) -അഗ്രി ബിസിനസ് ഇൻക്യുബേറ്ററിനു കീഴിലുള്ള 35 സ്റ്റാർട്ടപ്പുകൾക്ക് 466 ലക്ഷം രൂപയുടെ കേന്ദ്രസർക്കാർ ഗ്രാന്റ് അനുവദിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിൽ അഗ്രി ബിസിനസ് ഇൻക്യൂബേറ്ററിലൂടെ രണ്ടുമാസത്തെ കാർഷിക സംരംഭകത്വം പരിശീലനം പൂർത്തിയാക്കിയ സംരംഭകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. സംരംഭകത്വ വികസന പ്രവർത്തനങ്ങളിൽ കേരള കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻക്യൂബേറ്ററിന്‍റെ പുതിയ നാഴികക്കല്ലാണ് സ്റ്റാർട്ടപ്പുകളുടെ ഈ വിജയനേട്ടം.ഇതിനോടകം സംരംഭം തുടങ്ങിയതും വാണിജ്യവൽക്കരണ ഘട്ടത്തിൽ ഉള്ളതുമായ 20 സ്റ്റാർട്ടപ്പുകൾക്ക് 394 ലക്ഷം രൂപയും ആശയ ഘട്ടത്തിലുള്ള 15 സ്റ്റാർട്ടപ്പുകൾക്ക് 72 ലക്ഷം രൂപയുമാണ് കേന്ദ്ര ധനസഹായം. ധനസഹായ തുകയുടെ ആദ്യ ഗഡുവായ 200.8 ലക്ഷം രൂപയാണ് ഈ സാമ്പത്തിക വർഷം വിതരണം ചെയ്യുക.
മുരിങ്ങയിലയുടെയും മില്ലറ്റുകളുടെയും ആരോഗ്യ ഗുണങ്ങൾ തിരിച്ചറിഞ്ഞ് അവയിൽനിന്നും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ എന്ന ആശയം പ്രാവർത്തികമാക്കിയ സ്ത്രീ സംരംഭകരും കൂൺ കൃഷിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂൺകൃഷി ഏതൊരു സാധാരണക്കാരനും സാധ്യമാകുന്ന രീതിയിൽ ആയാസരഹിതമാക്കിയ സംരംഭകരും കൂണിൽ നിന്നും നൂതന ഉൽപ്പന്നങ്ങൾക്ക് പിറവി നൽകിയവരും ഗ്രാൻറ് കരസ്ഥമാക്കിയവരിൽ ഉൾപ്പെടുന്നു. കൂടാതെ വിവിധങ്ങളായ റെഡി ടു ഈറ്റ്, റെഡി ടു കുക്ക്,റെഡി ടു സെർവ് ഉൽപ്പന്നങ്ങളും എയറോപോണിക്സ് സംവിധാനവും കുരുമുളക് പറിക്കുന്ന യന്ത്രവും കുട്ടനാടൻ കർഷകരുടെ ദുരിതത്തിനു പരിഹാരം കണ്ടെത്തുന്നതിനായി പുതിയ ഇനം പമ്പുകളും ഫിറോമോൺ ട്രാപ്പുകളും മാലിന്യ സംസ്കരണ മാർഗ്ഗങ്ങളും കടൽ പായൽ ഉൽപ്പന്നങ്ങളും സ്റ്റാർച്ച് സ്പ്രേയുമെല്ലാം ഗ്രാൻറ് തുക നേടിയ നൂതന ആശയങ്ങളാണ്
നൂതന ആശയങ്ങൾ ഉള്ള സംരംഭകർക്ക് ആശയവിപുലീകരണത്തിനായി പരമാവധി 5 ലക്ഷം രൂപയും വാണിജ്യവൽക്കരണത്തിനായി പരമാവധി 25 ലക്ഷം രൂപയുമാണ് പദ്ധതിയിലൂടെ ധനസഹായമായി ലഭിക്കുന്നത്.