നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേലിന് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു: കെ മുരളീധരന്‍
മലപ്പുറം: നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ ഭരണകൂടത്തിന് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് കെ മുരളീധരന്‍ പറഞ്ഞു. മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം ടൗണ്‍ഹാള്‍ പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേല്‍ ഗസ്സയില്‍ നടത്തുന്നത് അന്താരാഷ്്ട്ര യുദ്ധ നിയമം കാറ്റില്‍പറത്തികൊണ്ടുള്ള നരനായാട്ടാണ്. ഇസ്രായേല്‍ പലസ്തീനില്‍ നിരപരാധികളോടാണ് യുദ്ധം ചെയ്യുന്നത്. പലസ്തീനുകളെ പോലെ സ്വന്തം മണ്ണില്‍ സ്വാതന്ത്ര്യമില്ലാതെ ജീവിക്കേണ്ടിവരുന്ന ഒരു ജനതയെ ലോകത്തെവിടെയും കാണാന്‍ കഴിയില്ല. അതുകൊണ്ടാണ് പണ്ട് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ ഇന്ന് സോണിയാ ഗാന്ധിയുടെയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെയും കാലം വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പലസ്തീനികള്‍ക്കൊപ്പം നിലകൊള്ളുന്നത്. യുദ്ധത്തില്‍ പാലിക്കേണ്ട ഒരു യുദ്ധ നിയമങ്ങളും പാലിക്കാതെ നിരപരാധികളെ കൊന്നൊടുക്കുകയാണ് ഇസ്രായേല്‍. പത്രങ്ങളിലും ചാനലുകളിലും വരുന്നതിനേക്കാള്‍ ഭീകരമായ കാര്യങ്ങളാണ് ഗാസയില്‍ ഓരോ ദിവസവും നടക്കുന്നത്. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഐക്യരാഷ്ട്രസഭ പോലും മൗനത്തിന്റെ പാതയിലാണ്. സെപ്തംബര്‍ ഏഴിന് പലസ്തീനികള്‍ പ്രതികരിച്ചപ്പോള്‍ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി രാജ്യത്തിന്റെ പാരമ്പര്യത്തിന് വിരുദ്ധമായി ഇസ്രായേലിനെ അനുകൂലമായി പ്രസ്താവന നടത്തുകയാണ് ചെയ്തത്. നെഹ്‌റു മുതലുള്ള ഭരണകര്‍ത്താക്കള്‍ ഉയര്‍ത്തിപിടിച്ച ഉന്നത മൂല്യങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ കാറ്റില്‍ പറത്തിയത്. യുദ്ധം നിര്‍ത്തണമെന്ന പ്രമേയം യു.എന്നില്‍ വന്നപ്പോള്‍ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നുകൊണ്ട് മോദി വീണ്ടും അപഹാസ്യനായി. ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിനെ രാഷ്ട്രത്തലവനായി സ്വീകരിച്ച പാരമ്പര്യമാണ് ഇന്ത്യയുടേത്. അതിന് വിരുദ്ധമായ സമീപനമാണ് ബിജെപി സര്‍ക്കാറിനുള്ളതെന്നും കെ മുരളീധരന്‍ പറഞ്ഞു. നിരന്തരമായ ആക്രമണത്തിനും അധിനിവേശത്തിനും എതിരെയുള്ള പ്രതികരണമാണ് ഒക്ടോബര്‍ ഏഴിന് കണ്ടത്. കോണ്‍ഗ്രസ് അന്നും ഇന്നും പലസ്തീനൊപ്പമാണ്. സ്വതന്ത്ര പലസ്തീന്‍ നിലവില്‍ വരിക എന്നതല്ലാതെ യുദ്ധത്തിന് പരിഹാരമില്ല. അടിയന്തരമായി ഇസ്രയേല്‍ യുദ്ധം നിര്‍ത്തുകയും പലസ്തീന് സ്വാതന്ത്ര്യം നല്‍കുകയും വേണം. ബി.ജെ.പിയുടെ ഇസ്രയേല്‍ അനുകൂല നിലപാടിനെ തുറന്നെതിര്‍ക്കാര്‍ സി.പി.എം തയ്യാറായിട്ടില്ലെന്നും മുരളീധരന്‍ ആരോപിച്ചു. ഇസ്രയേലിനെ അനുകൂലിച്ച കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി തിരുത്തിയപ്പോള്‍ സി.പി.എം ഷൈലജ ടീച്ചറെ തിരുത്താന്‍ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ വി.എസ് ജോയ് അധ്യക്ഷത വഹിച്ചു. എ.പി അനില്‍കുമാര്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, ഇ.മുഹമ്മദ് കുഞ്ഞി,വി.എ കരീം,കെ.പി അബ്ദുല്‍ മജീദ്,വി.ബാബു രാജ്,കെ.പി നൗഷാദ് അലി,സി.ഹരിദാസ്,എം.എന്‍ കുഞ്ഞിമുഹമ്മദ് ഹാജി,എന്‍.എ കരീം,വി മധുസൂദനന്‍,റഷീദ് പറമ്പന്‍,സെയ്ത് മുഹമ്മദ് തങ്ങള്‍,അഡ്വ ഫാത്തിമ റോഷ്‌ന,ഡി.സി.സി ഭാരവാഹികളായ ഹൈദ്രോസ് മാസ്റ്റര്‍, അജീഷ് എടാലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.