വീണയ്ക്കെതിരെ കേന്ദ്ര അന്വേഷണം; മിണ്ടാട്ടമില്ലാതെ മന്ത്രി റിയാസ്, നാവ് ഉപ്പിലിട്ട് വച്ചിരിക്കുകയാണോയെന്ന്; പ്രതിപക്ഷ നേതാവ്
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി കേസിലെ അന്വേഷണം പ്രതിപക്ഷ ആരോപണത്തെ ശരിവെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ അന്വേഷണങ്ങൾ പോലെ മാസപ്പടിയിലും സിപിഎം-ബിജെപി ധാരണ ഉണ്ടാകുമോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാക്കളെ അപഹസിക്കാൻ വാ തുറന്നിരുന്ന പൊതുമരാമത്ത് മന്ത്രിക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. റിയാസ് നാവ് ഉപ്പിലിട്ട് വച്ചിരിക്കുകയാണോയെന്നും അദ്ദേഹം പരിഹസിച്ചു. പോലീസ് അതിക്രമം കൂടിയാൽ ഇങ്ങനെ കൈകാര്യം ചെയ്‌താൽ മതിയോ എന്ന് ആലോചിക്കേണ്ടി വരും. ഇതുപോലെ നട്ടെല്ലില്ലാത്ത ഒരു ഡിജിപിയെ കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാക്കുകൾ
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നു എന്നാണ് രജിസ്റ്റാർ ഓഫ് കമ്പനീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. എക്സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞു. ഇത് എല്ലാവരും ചേർന്നുള്ള കൂട്ടുകച്ചവടമാണ്.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൻ്റെ അവസാനം എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് നടന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണം പോലെ ഇതും അവസാനിക്കുമോയെന്ന് സംശയിക്കുന്നു. ബി.ജെ.പിക്ക് തൃശൂർ സീറ്റ് ജയിക്കാനുള്ള സെറ്റിൽമെന്റിന്റെ ഭാഗമായി കരുവന്നൂരിലെ ഇ.ഡി അന്വേഷണം ഇഴയുകയാണ്. നിയമസഭാ
തിരഞ്ഞെടുപ്പിന് മുമ്പും കേന്ദ്ര ഏജൻസികൾ അന്വഷണത്തിന് വന്നിരുന്നു. അവസാനം അത് സിപിഎമ്മും ബിജെപിയും തമ്മിലുളള അവിഹിത രാഷ്ട്രീയ ബന്ധത്തിലാണ് അവസാനിച്ചത്. അതേ രീതിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും അത്തരം ഒരു സാഹചര്യം ഉണ്ടാകുമോയെന്ന് ഞങ്ങൾ നിരീക്ഷിക്കും. ലാവ്ലിൻ, സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ, കരുവന്നൂർ കേസുകളിൽ സി.പി.എം സംഘപരിവാറുമായി ഉണ്ടാക്കിയ ധാരണ മാസപ്പടി കേസിലും ഉണ്ടാക്കുമോയെന്ന് ഞങ്ങൾ നിരീക്ഷിക്കുകയാണ്.
ഇത്രയും ഗുരുതരമായ ആരോപണം മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെ ഉണ്ടായിട്ടും സി.പി.എം ചർച്ച ചെയ്തോ? സൂര്യനാണ് ചന്ദ്രനാണ് ദൈവത്തിന്റെ വരദാനമാണ് എന്നൊക്കെ പറയുന്ന മന്ത്രിമാർ രാജകൊട്ടാരത്തിലെ വിദൂഷകരായി മാറി. സിപിഎം നേതാക്കൾ ആരും മാസപ്പടി അന്വേഷണത്തോട് പ്രതികരിക്കുന്നില്ല.
നാഴികയ്ക്ക് നാൽപത് വട്ടം പ്രതിപക്ഷ നേതാക്കളെ അപഹസിക്കാൻ വാ തുറന്നിരുന്ന പൊതുമരാമത്ത് മന്ത്രി ഇപ്പോൾ മിണ്ടുന്നില്ല. അദ്ദേഹം നാവ് ഉപ്പിലിട്ട് വച്ചിരിക്കുകയാണോ? ഒരു കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് പണം കൊടുക്കുന്നതും കളളപ്പണം വെളുപ്പിക്കുന്നതും രണ്ടും രണ്ടാണ്. സിപിഎമ്മിന്റെ ജീർണ്ണതയുടെ തുടക്കമാണിത്. ബംഗാളിന്റെ മനസാക്ഷിയായ എഴുത്തുകാരി മഹാശ്വേതാ ദേവി സിപിഎം ഭരണത്തിന്റെ അവസാന കാലത്ത് സർക്കാരിനും പാർട്ടിക്കും എതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിന്റെ മനസാക്ഷിയായ എംടി, കേരളത്തിലെ സിപിഎമ്മിന് നൽകിയ ഉപദേശമാണ് കഴിഞ്ഞ ദിവസം കണ്ടത്.
കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത ക്രൂരമായ മർദ്ദനമാണ് യൂത്ത് കോൺഗ്രസ് - കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് നടത്തുന്നത്. ഇന്നലെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ കാലിന്റെ എല്ല് പോലീസ് ചവിട്ടി പൊട്ടിച്ചു. മുടിയിൽ ഷൂ കൊണ്ട് ദീർഘനേരം ചവിട്ടിപിടിച്ചു. ക്രൂരമായ പ്രവർത്തിയാണ് പോലീസ് ചെയ്യുന്നത്. ഒരു പ്രവർത്തകന്റെ കണ്ണിൽ ലാത്തി വച്ച് കുത്തി. ഹെൽമറ്റ് കൊണ്ടും ചെടിച്ചട്ടി കൊണ്ടും തലയ്ക്കടിക്കുന്നത് മാതൃകാപരമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ട് രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് പോലീസുകാരും ക്രിമിനലുകളും കാണിക്കുന്നത്. കേരളത്തിൽ ഇതുവരെ കാണാത്ത കാഴ്ചകളാണ് കാണുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.
സർക്കാരിനേയും മേലധികാരികളേയും സുഖിപ്പിക്കാനാണ് ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർ ഇത് ചെയ്യുന്നതെങ്കിൽ അവരുടെ പിറകെ നിയമ നടപടിയുമായി ഞങ്ങൾ ഉണ്ടാകും. രക്ഷിക്കാൻ ഒരാളും ഉണ്ടാകില്ല. എം.ടി യെ പ്പോലെ ഒരാൾ മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തി മൂർച്ചയുള്ള വാക്കുകൾ കൊണ്ട് സർക്കാരിനേയും മേലധികാരികളേയും സുഖിപ്പിക്കാനാണ് ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർ ഇത് ചെയ്യുന്നതെങ്കിൽ അവരുടെ പിറകെ നിയമ നടപടിയുമായി ഞങ്ങൾ ഉണ്ടാകും. രക്ഷിക്കാൻ ഒരാളും ഉണ്ടാകില്ല. എം.ടി യെ പ്പോലെ ഒരാൾ മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തി മൂർച്ചയുള്ള വാക്കുകൾ കൊണ്ട് താക്കീത് നൽകിയിട്ടും അവർ പഠിക്കാൻ തയ്യാറല്ല.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഗൂഢസംഘമാണ് പോലീസ് അതിക്രമത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് പരസ്യമായി പ്രതികരിക്കേണ്ടിവരും. ഇവിടെ ഒരു ഡിജിപി ഉണ്ടോ? ഇത് പോലെ നട്ടെല്ലില്ലാത്ത ഒരു ഡിജിപിയെ കേരളം കണ്ടിട്ടുണ്ടോ? പോലീസ് കാണിക്കുന്ന അതിക്രമത്തെ കുറിച്ച് ഡിജിപിക്ക് എന്തെങ്കിലും അറിയാമോ? പോലീസ് അതിക്രമം കൂടിയാൽ അത് ഇങ്ങനെ കൈകാര്യം ചെയ്‌താൽ മതിയോയെന്ന് കൂടി ഞങ്ങൾ ആലോചിക്കും. ക്ഷമയുടെ നെല്ലിപ്പലകയിലാണ് നിൽക്കുന്നത്. ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ദയവ് ചെയ്ത‌് ഞങ്ങളെ കൊണ്ട് ചെയ്യിക്കരുത്.