ചെയര്‍മാന്‍ രഞ്ജിത്തിന്റേത് മാടമ്പിത്തരം: തിരുത്തുകയോ പുറത്താക്കുകയോ ചെയ്യണമെന്ന് കൗണ്‍സില്‍ അംഗങ്ങള്‍
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ ചെയര്‍മാനും അംഗങ്ങളും തമ്മിലുള്ള ഭിന്നത മുറുകുന്നു. ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ വിവാദത്തില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമിയില്‍ കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഏകാധിപതി എന്ന രീതിയില്‍ ആണ് രഞ്ജിത്തിന്റെ പെരുമാറ്റമെന്ന് അംഗങ്ങള്‍ പറയുന്നു.
തങ്ങള്‍ക്ക് ചെയര്‍മാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും അവര്‍ വ്യക്തമാക്കി. മുണ്ടിന്റെ തലപ്പ് പിടിച്ച് ആറാം തമ്പുരാന്‍ സ്റ്റൈലില്‍ നടക്കുന്നതു കൊണ്ടല്ല ചലച്ചിത്രമേള നടക്കുന്നതെന്ന് കൗണ്‍സില്‍ അംഗം മനോജ് കാന പറഞ്ഞു. അക്കാദമിയെ അവഹേളിക്കുന്ന പ്രവര്‍ത്തനമാണ് ചെയര്‍മാന്‍ ചെയ്യുന്നത്. ഒന്നെങ്കില്‍ രഞ്ജിത്ത് തിരുത്തണം, അല്ലെങ്കില്‍ പുറത്താക്കണമെന്നും അംഗങ്ങള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'വരിക്കാശ്ശേരി മനയിലെ ലൊക്കേഷനല്ല ചലച്ചിത്ര അക്കാദമി. രഞ്ജിത്ത് ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. ചെയര്‍മാനോട് യാതൊരു വിധേയത്വവുമില്ല. ചലച്ചിത്ര അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേയ്ക്ക് പുതിയ ആളുകളെ എടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് രഞ്ജിത്ത് അല്ല. ഞങ്ങള്‍ എല്ലാം ഒരുമിച്ചാണ് നില്‍ക്കുന്നത്. മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും അംഗങ്ങള്‍ പറഞ്ഞു.