എന്‍ജിനീയറിങ് പ്രവേശന പരീക്ഷാസമയത്തില്‍ മാറ്റം
തിരുവനന്തപുരം: ജൂണ്‍ അഞ്ചിന് തുടങ്ങുന്ന എന്‍ജിനീയറിങ് പ്രവേശ പരീക്ഷാസമയത്തിന് മാറ്റം. രാവിലെ പത്തിന് തുടങ്ങാനിരുന്ന പരീക്ഷയാണ് ഉച്ചയ്ക്ക് രണ്ടിന് മാറ്റിയിരിക്കുന്നത്. ദൂരസ്ഥലങ്ങളിലുള്ള കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റം. ജൂണ്‍ ആറിന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ 10ന് വൈകീട്ട് മൂന്നരയ്ക്കും തുടങ്ങും. ഒമ്ബതിന് ഐസര്‍ പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
ജൂണ്‍ 5 മുതല്‍ 9 വരെയാണ് എന്‍ജിനീയറിങ് പ്രവേശനപരീക്ഷ. ഐസര്‍ പരീക്ഷയെഴുതുന്നവര്‍ മുന്‍കൂട്ടി അറിയിച്ചാല്‍ അവര്‍ക്ക് എഞ്ചിനീറിങ് പരീക്ഷയെഴുതാനുള്ള ദിവസം മാറ്റിനല്‍കാമെന്ന് അറിയിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
പുതിയ സമയക്രമമനുസരിച്ച് രണ്ടിന് തുടങ്ങുന്ന പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ 11. 30ന് റിപ്പോര്‍ട്ട് ചെയ്യണം. ഒന്നരയ്ക്ക് ശേഷം പ്രവേശനം അനുവദിക്കില്ല. പത്തിന് വൈകീട്ട് മൂന്നരമുതല്‍ അഞ്ചുവരെ നടക്കുന്ന ഫാര്‍മസി പ്രവേശനപരീക്ഷയ്ക്ക് ഒരുമണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. മൂന്ന് മണിക്ക് ശേഷം പ്രവേശനം അനുവദിക്കില്ല.