ക്ഷാമബത്ത ഒരു ഗഡു കിട്ടിയാൽ മതിയോ?;
സർക്കാർ കബളിപ്പിച്ചെന്ന് ചവറ ജയകുമാർ
തിരുവനന്തപുരം: മൂന്നു വർഷം മുമ്പ് നൽകേണ്ട 2 ശതമാനം ക്ഷാമബത്ത കുടിശിക നൽകാമെന്നാണ് ബജറ്റിലൂടെ സർക്കാർ വാഗ്ദാനമെന്നും ഇത് കബളിപ്പിക്കലാണെന്നും എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ. ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള അടവാണ്. 2021ന് ശേഷം ഓരോ 6 മാസവും അനുവദിച്ച ക്ഷാമബത്തയാണ് ജീവനക്കാരുടെ കയ്യിൽ എത്താതിരുന്നത്. സാധാരണ ഗതിയിൽ ക്ഷാമബത്ത 2 ഗഡുവരെ ഇതിന് മുൻപും കേരളത്തിൽ കുടിശ്ശിക വന്നിട്ടുണ്ട്. എന്നാൽ 6 ഗഡുവിലേക്ക് ഉയരുന്നത് ആദ്യമായാണ്.
ഇതുമൂലം ശമ്പളത്തിൽ വർധിക്കേണ്ട 4500 മുതൽ 12,000 രൂപ വരെ ഓരോ ജീവനക്കാരനും കിട്ടാത്ത അവസ്ഥയാണുണ്ടായത്. ഡിഎ കുടിശിക എന്നു തരാനാവും എന്നുപോലും ഒരുറപ്പ് സർക്കാരിന് പറയാനും കഴിഞ്ഞിരുന്നില്ല. 2019 ലെ ശമ്പളക്കുടിശിക, ക്ഷാമബത്തയിലെ കുടിശിക ഇതെല്ലാം ചേർത്ത് കൂട്ടിയാൽ ആ തുക 50,000 കോടിക്കും മുകളിൽ ഉയരുമെന്നാണ് ലഭിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. സർക്കാരിൽ പ്രതീക്ഷ നഷ്ടപ്പെട്ട് നിയമവഴി സ്വീകരിച്ച പ്രതിപക്ഷ യൂണിയനുകൾ ജനുവരിയിൽ പണിമുടക്കും നടത്തിയിരുന്നു.
സാമൂഹിക ക്ഷേമ പെൻഷൻ വാങ്ങുന്നവരെ പറ്റിക്കുന്നതു പോലെ സർക്കാർ ജീവനക്കാരെയും പറ്റിക്കാനാണ് സർക്കാർ ശ്രമം. 2021ൽ നൽകേണ്ട 2 ശതമാനം ക്ഷാമബത്ത കുടിശിക നൽകാമെന്നാണ് ബജറ്റിലൂടെ സർക്കാർ വാഗ്ദാനം. ഇത് കബളിപ്പിക്കലാണ്, ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള അടവാണ്. 2021നു ശേഷം എത്രയോ തവണ സർക്കാർ നികുതികൾ വർധിപ്പിച്ചു, വൈദ്യുതി, വെള്ളക്കരം കൂട്ടി. എന്നിട്ടും ജീവനക്കാരുടെ പരാതികൾക്ക് പരിഹാരം ലഭിച്ചിട്ടില്ല. സാലറി ചാലഞ്ച് സംബന്ധിച്ച കേസിൽ, വേതനം ജീവനക്കാരുടെ അവകാശമാണെന്നും അത് പിടിച്ചുവയ്ക്കരുതെന്നും കോടതി സർക്കാരിനോട് പറഞ്ഞിട്ടുണ്ട്. ക്ഷാമബത്ത കുടിശ്ശികയുമായി ബന്ധപ്പെട്ട് നിയമവഴിയിൽ പോരാട്ടം തുടരാൻ തന്നെയാണു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.