ഷോപ്പിംഗ് മാളിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ചതായി പരാതി
മലപ്പുറം: ഷോപ്പിംഗ് മാളിന്റെ പേരില്‍ പലരില്‍ നിന്നായി നിക്ഷേപം സ്വീകരിച്ച് 12 കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വിമാര്‍ട്ട് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പങ്കാളിത്തം നല്‍കാമെന്നും ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞ് വഞ്ചിച്ച് പണം തട്ടിയെടുത്തതാണ് നിക്ഷേപകര്‍ മലപ്പുറം എസ് പിക്ക് മുമ്പാകെ നല്‍കിയ പരാതിയില്‍ പറയുന്നത്. പണം നഷ്ടപ്പെട്ട 40 പേരാണ് പരാതി നല്‍കിയത്. 2018 ല്‍ മഞ്ചേരിഇല്‍ പ്രവര്‍ത്തനമാരംഭിച്ച വിമാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. മഞ്ചേരി ഹൈപ്പര്‍ മാര്‍ക്കറ്റ് എല്‍എല്‍പി എന്ന പേരിലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് പലരില്‍ ഒരു ലക്ഷം രൂപ മുതല്‍ 20 ലക്ഷം വരെ വാങ്ങിയിട്ടുണ്ട്. 40 പേരില്‍ നിന്നുംമായി 11,7200,000 രൂപയാണ് തട്ടിയെടുത്തത്. തെന്നല പഞ്ചായത്തിലെ കൊടക്കല്ല് ചുള്ളിപ്പാറ പറമ്പില്‍ ഹൗസ് ഹബീബുറഹ്മാന്‍, ഇരുവേറ്റി എളയൂര്‍ മാളിയേക്കല്‍ ഹൗസില്‍ മുണ്ടക്ക പറമ്പന്‍ ഹസീബ് എന്നിവരാണ് വഞ്ചിച്ചത് എന്ന് പണം നഷ്ടപ്പെട്ടവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്ഥാപനം തുടങ്ങാന്‍ പണം കടം നല്‍കി സഹായിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്നും മൂന്നുമാസം മുമ്പ് വിവരം അറിയിച്ചാല്‍ പണം തിരിച്ചു നല്‍കാമെന്നും പറഞ്ഞാണ് ചിലരോട് പണം വാങ്ങിയിട്ടുള്ളത്. മറ്റു ചിലരോട് സ്ഥാപനത്തില്‍ പങ്കാളിത്തം നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപമായിട്ടാണ് പണം വാങ്ങിയത്. പണം വാങ്ങിയതിന് എല്ലാവര്‍ക്കും കരാര്‍ എഴുതിയ നല്‍കിയിട്ടുമുണ്ട്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും എന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. പ്രവര്‍ത്തനം തുടങ്ങി കുറച്ചു മാസങ്ങള്‍ വളരെ കുറവ് ലാഭവിഹിതം നല്‍കിയിരുന്നു. ഇതിനുവ ശേഷം വര്‍ഷങ്ങളായി ലാഭവിഹിതം ലഭിച്ചിരുന്നില്ല. ഇതോടാണ് ഭൂരിഭാഗം നിക്ഷേപകരും പണം തിരികെ ആവശ്യപ്പെട്ടു തുടങ്ങിയത്. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പണം ആവശ്യപ്പെട്ടപ്പോള്‍ തരാന്‍ തയ്യാറല്ലെന്നും എന്തു വേണമെങ്കിലും ചെയ്‌തോ എന്നുമുള്ള ഭീഷണിയാണ് ഉയര്‍ത്തിയതെന്ന് നിക്ഷേപകര്‍ പരാതിപ്പെടുന്നു. നിക്ഷേപകര്‍ക്ക് നല്‍കിയ കരാര്‍ പത്രത്തില്‍ മഞ്ചേരി ഹൈപ്പര്‍മാര്‍ക്കറ്റ് എന്ന രേഖപ്പെടുത്തുകയും എന്നാല്‍ സ്ഥാപനത്തിന്റെ പേര് വി മാര്‍ട്ട് എന്ന് മാറ്റി നല്‍കുകയും ചെയ്തത് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണെന്നും പരാതിക്കാര്‍ പറയുന്നു. വഞ്ചിക്കണമെന്ന് മുന്‍കൂട്ടി പദ്ധതിയിട്ട് ആസൂത്രണം നടത്തിയാണ് നിക്ഷേപം വാങ്ങിയതെന്നും ഇവര്‍ ആരോപിക്കുന്നു. മുന്‍പ് ഇവര്‍ കോട്ടക്കലിലും വിമാര്‍ട്ട് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ച് പലരില്‍ നിന്നായി നിക്ഷേപം സ്വീകരിച്ചിരുന്നു. ഇതിലും പലരും വഞ്ചിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആ സ്ഥാപനം നിലവിലില്ല. പണം തിരികെ ചോദിച്ചവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായും പരാതിക്കാര്‍ പറയുന്നു. പട്ടാമ്പി കേന്ദ്രമാക്കി മറ്റൊരു ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുന്നതിന്റെ പേരില്‍ പ്രതികള്‍ ഇതേ പേരില്‍ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതായും ഇത്തരമൊരു വഞ്ചനയില്‍ കുടുങ്ങാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. അമീര്‍ എന്‍ കെ, മുഹമ്മദ് ഹസ്സന്‍, ഉമ്മര്‍ കെ, അജ്മല്‍ എന്‍, കെ, ഹംസ സി, ഖദീജ കെ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.