രമ്യയെ ചേർത്ത്പിടിച്ച് ചേലക്കര
ചേലക്കരയിലെ ജനങ്ങൾ ചേർത്ത് പിടിക്കുകയാണ് രമ്യ ഹരിദാസ് എന്ന സ്ഥാനാർത്ഥിയെ. സാധാരക്കാർ സ്നേഹത്തോടെയും പുഞ്ചിരിയോടെയുമാണ് രമ്യയെ വരവേൽക്കുന്നത്. ചേലക്കരയുടെ സ്നേഹവായ്പുകൾ ഇരുകയ്യും നീട്ടി രമ്യ സ്വീകരിക്കുന്നു. തനിക്ക് നൽകുന്ന സ്നേഹം പ്രവർത്തികളിലൂടെ തിരികെ നൽകുമെന്ന ഉറപ്പും രമ്യ നൽകി. ചേലക്കരയിലെ ജനങ്ങള്‍ ഐക്യജനാധിപത്യമുന്നണിക്ക് നൽകി വരുന്ന പിന്തുണ വാക്കുകളിൽ ഒതുക്കാൻ കഴിയുന്നതല്ലെന്നും ആ പിന്തുണ ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നതില്‍ യാതൊരു സംശയവും ഇല്ലെന്നും എന്റെ പ്രവർത്തനങ്ങളിലൂടെ ഞാനവർക്ക് എന്റെ സ്നേഹം തിരികെ നൽകുമെന്നും രമ്യ പറയുന്നു.
പൂരങ്ങളെയും വേലകളെയുമൊക്കെ സ്‌നേഹിക്കുന്ന ആളുകളാണ് ചേലക്കരക്കാര്‍. ഞാനുമൊരു വിശ്വാസിയാണ്. ആചാരങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്ന് വിശ്വസിക്കുന്ന എത്രയോ ആളുകള്‍ നമ്മളോടൊപ്പമുണ്ട്. പൂരം ജീവിത ഭാഗമാക്കിയവര്‍ക്ക് പൂരം അലങ്കോലമാക്കുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അത് വലിയ വിഷമമാണ്. പൂരം തകരുമ്പോള്‍ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണോ എന്ന് പോലും ചിന്തിക്കേണ്ട സാഹചര്യമാണുള്ളതെന്നും രമ്യ പറഞ്ഞു. സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരങ്ങളുടെ കഥകളും ജനങ്ങൾ സ്ഥാനാർഥിക്കു മുന്നിൽ അവതരിപ്പിച്ചു. പ്രശ്നങ്ങൾക്ക് പരിഹാരമാകാൻ കൂടെയുണ്ടാകുമെന്ന ഉറപ്പാണ് രമ്യ ചേലക്കരക്കാർക്ക് നൽകുന്നത്.