ഛത്രപതി ശിവജി പ്രതിമ തകര്‍ന്ന സംഭവം: ശില്‍പിയെ അറസ്റ്റ് ചെയ്തു
മുംബൈ: മഹാരാഷ്ട്രയിലെ രാജ്കോട്ട് കോട്ടയില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നതുമായി ബന്ധപ്പെട്ട് ശില്‍പിയും കരാറുകാരനുമായ 24 കാരന്‍ ജയദീപ് ആപ്തെ അറസ്റ്റില്‍. പൊലീസ് തിരയുന്നിനിടെയാണ് ബുധനാഴ്ച രാത്രി താനെ ജില്ലയിലെ കല്യാണില്‍നിന്ന് ഇയാളെ പിടികൂടിയത്. ആപ്തെയെ സിന്ധുദുര്‍ഗ് പൊലീസിന്റെ കസ്റ്റഡിയിലേക്ക് മാറ്റുമെന്ന് താനെയിലെ ജോയിന്റ് പൊലീസ് കമീഷണര്‍ ജ്ഞാനേശ്വര്‍ ചവാന്‍ അറിയിച്ചു.
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ സ്ഥാപിച്ച ശിവജിയുടെ 35 അടിയുള്ള പ്രതിമയാണ് ആഗസ്റ്റ് 26ന് തകര്‍ന്നുവീണത്. മോദി ഉദ്ഘാടനം ചെയ്ത് ഒമ്പത് മാസത്തിനുള്ളില്‍ തകര്‍ന്നതു മുതല്‍ മഹാരാഷ്ട്ര പൊലീസ് ഇയാളെ തിരയുകയായിരുന്നു. ഇതിനായി ഏഴു സംഘങ്ങള്‍ രൂപീകരിച്ചു. സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീലിനെ കഴിഞ്ഞയാഴ്ച കോലാപൂരില്‍ വെച്ച് പിടികൂടിയിരുന്നു. ആപ്തെക്കും പാട്ടീലിനും എതിരെ അശ്രദ്ധക്കും മറ്റ് കുറ്റങ്ങള്‍ക്കുമാണ് കേസെടുത്തത്.
മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായെത്തിയതോടെ സംഭവം സുപ്രധാന രാഷ്ട്രീയ വിവാദത്തിന് കാരണമായി.
സര്‍ക്കാരിനെ വിമര്‍ശിച്ചവര്‍ വായ അടക്കണമെന്നും ജയദീപ് ആപ്തെയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് കുറച്ച് സമയമെടുത്തെങ്കിലും തങ്ങള്‍ ഒരു ക്രെഡിറ്റും എടുക്കുന്നില്ലെന്നും അറസ്റ്റിനോട് പ്രതികരിച്ച് ബി.ജെ.ബി നേതാവ് പ്രവീണ്‍ ദാരേക്കര്‍ പറഞ്ഞു. ആപ്തെയെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റൊന്നും എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണ്ട. അത് സര്‍ക്കാരിന്റെ കടമയാണ്. അയാള്‍ ഏതോ അധോലോക നായകന്‍ ആയിരുന്നില്ലെന്നും ശിവസേന നേതാവ് സുഷമ അന്ധാരെ ഇതിനോട് പ്രതികരിച്ചു.