പക്ഷിപ്പനിയിൽ വലഞ്ഞ് ചിക്കൻ വ്യാപാരികൾ
ആലപ്പുഴ: പക്ഷിപ്പനിയിൽ വലഞ്ഞ് ചിക്കൻ വ്യാപാരികൾ. പക്ഷിപ്പനിയിൽ ജില്ലയിലെ ഇറച്ചിക്കോഴികൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു, ഇതോടെ ദുരിതത്തിലായത് ചിക്കൻ വ്യാപാരികളാണ്. ജില്ലയിൽ മാത്രം ആവർത്തിക്കുന്ന പക്ഷിപ്പനിയിൽ ഒരുവിഭാഗം കച്ചവടക്കാർ വലിയ കെടുതിയിലാണ്. ഇതിനൊപ്പം അധികൃതരുടെ പരിശോധനയും പിഴയും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.
സംസ്ഥാനത്ത് മറ്റൊരിടത്തും കാണാത്ത പക്ഷിപ്പനി വർഷാവർഷം ആലപ്പുഴയിൽ വ്യാപിക്കുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
കച്ചവടക്കാരുടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഈമാസം 27 ന് ചിക്കൻ വ്യാപാരി സമിതി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. താറാവുകളെ കള്ളിങ് നടത്തുമ്പോൾ കിട്ടുന്ന നഷ്ടപരിഹാരം കോഴികൾക്കും നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.