കലാപഹ്വാനം നടത്തിയത് മുഖ്യമന്ത്രി: എം.വി ഗോവിന്ദന്‍ സ്ഥിരമായി വിവരക്കേട് പറയുന്നയാളാണെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന യുവാക്കളോട് സര്‍ക്കാരിന്റെ സമീപനം ക്രൂരമാണെന്നും അതിന്റെ തെളിവാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അക്രമം ആഹ്വാനം ചെയ്തു എന്നാണ് അദ്ദേഹത്തിനെതിരായ കേസ്. അങ്ങനെയെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെയാണ്. എഫ്‌ഐആര്‍ ഉള്‍പ്പെടുന്ന വധശ്രമം എന്ന് പറഞ്ഞ വിഷയം മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനം എന്നു പറഞ്ഞതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിക്കല്‍ തുടരണമെന്ന കലാപഹ്വാനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചു. നിരന്തരം വാര്‍ത്താ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത് കൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനോട് മുഖ്യമന്ത്രിക്ക് വിരോധം വന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനോട് കന്റോണ്‍മെന്റ് സിഐ പെരുമാറിയത് വളരെ മോശമായും ക്രൂരമായുമാണ്. ഞങ്ങള്‍ക്കറിയാം എന്ന് മാത്രമേ പറയുന്നുള്ളൂ. എം.വി ഗോവിന്ദന്‍ പറയുന്നത് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ്. എം.വി ഗോവിന്ദന്‍ സ്ഥിരമായി വിവരക്കേട് പറയുന്നയാളാണെന്നും തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രിയിലെ ഡിസ്ചാര്‍ജ് സമ്മറി എങ്ങനെയാണ് വ്യാജ രേഖ ആകുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു.