മുഖ്യമന്ത്രി നിതിൻ ഗഡ്കരിക്ക് വിരുന്നു നൽകിയില്ലേ?
തിരുവനന്തപുരം: പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതിന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ കുറ്റപ്പെടുത്തി സംസാരിച്ച ഭരണപക്ഷത്തെ വെട്ടിലാക്കി പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രിയങ്കരനും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രി വിരുന്നിനു വിളിച്ചതിനെ വിമർശിക്കാത്തത് എന്തെന്നായിരുന്നു സതീശന്റെ ചോദ്യം.
'2018 ജൂണ്‍ 11-ന് മുഖ്യമന്ത്രിയുടെ വസതിയില്‍ ഒരു അതിഥി ഉണ്ടായിരുന്നു. ആര്‍.എസ്.എസ് കാര്യാലയമുള്ള നാഗ്പുരിലെ എം.പിയും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയും കുടുംബവും. അതിനെ ഞങ്ങള്‍ വിമര്‍ശിച്ചോ? ഗഡ്കരി കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് വന്നപ്പോള്‍ മുഖ്യമന്ത്രിയെ പരിചയമുള്ളതിനാല്‍ ഭക്ഷണം കഴിക്കാന്‍ വന്നു. അതില്‍ ഞങ്ങള്‍ തെറ്റു കാണുന്നില്ല. എന്‍ .കെ പ്രേമചന്ദ്രനെതിരേ വിരല്‍ചൂണ്ടുന്നവര്‍ മറ്റു നാലുവിരലും സ്വന്തം നെഞ്ചിലേക്കാണെന്ന് ഓര്‍ക്കണം', വി.ഡി സതീശന്‍ ഭരണപക്ഷത്തോടായി പറഞ്ഞു.
മസ്‌ക്കറ്റ് ഹോട്ടലില്‍ ശ്രീ എമ്മുമായി മുഖ്യമന്ത്രി രഹസ്യ ചര്‍ച്ചനടത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ എമ്മിന് നാലേക്കര്‍ എഴുതിക്കൊടുത്തെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.